പെണ്ണുങ്ങള്‍ ‘നോ’ എന്നു പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം ‘നോ’ എന്നു തന്നെ; സിനിമാരംഗത്തെ ആണുങ്ങള്‍ ഇത്രകാലം ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായി: ഒളിയമ്പുമായി രേവതി

single-img
10 October 2018

സിനിമാരംഗത്തെ ആണുങ്ങള്‍ ഇത്രകാലം ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായെന്ന് നടിയും സംവിധായികയുമായ രേവതി. നടന്‍ മുകേഷിനെതിരെ ടെലിവിഷന്‍ സംവിധായിക ടെസ് ജോസഫിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരണമായാണ് നടി ഇത്തരത്തില്‍ പറഞ്ഞത്.

‘പെണ്ണുങ്ങള്‍ ‘നോ’ എന്നു പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം ‘നോ’ എന്നു തന്നെയാണെന്ന് ശക്തമായി ഉറപ്പിക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍. അതു മനസ്സിലാക്കാനുള്ള സമയമായി. ‘നോ’ എന്നു വച്ചാല്‍ ‘നോ’ എന്നു തന്നെ. അല്ലാതെ അതിന് വേറെ അര്‍ത്ഥം ഇല്ല,’ രേവതി നിലപാടു വ്യക്തമാക്കി.

മീ ടൂ ക്യാമ്പയിന്റെ ഭാഗമായി ദേശീയതലത്തില്‍ വലിയ വിവാദങ്ങളും വെളിപ്പെടുത്തലുകളുമുണ്ടാവുകയാണ് അതിന്റെ തുടര്‍ച്ചയായാണ് കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് നടന്‍ മുകേഷിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. പത്തൊമ്പത് വര്‍ഷം മുമ്പ് നടന്ന സംഭവമാണ് ടെസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മീ ടൂ ഇന്ത്യ, ടൈസ് അപ്, മീ ടൂ എന്നീ ഹാഷ് ടാഗുകള്‍ ചേര്‍ത്ത്, ഇതാണ് തനിക്ക് പറയാനുള്ളതെന്ന് എഴുതിയായിരുന്നു ടെസിന്റെ വെളിപ്പെടുത്തല്‍.

കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോള്‍ നിരന്തരം തന്റെ മുറിയിലെ ഫോണിലേക്ക് മുകേഷ് വിളിച്ച് ശല്യം ചെയ്യുമായിരുന്നെന്നും പ്രതികരിക്കാതെ വന്നപ്പോള്‍ തന്റെ മുറി നടന്റെ മുറിയ്ക്കടുത്തേക്ക് മാറ്റിച്ചു എന്നും ടെസ് വെളിപ്പെടുത്തിയിരുന്നു.

 

‘അത് ഞാനാവാന്‍ സാധ്യതയില്ല, ഞാന്‍ അങ്ങനെയല്ല’; ലൈംഗികാരോപണത്തില്‍ മുകേഷിന്റെ മറുപടി

 

മീ ടു’ കാമ്പയിനിന്റെ ഭാഗമായി തനിക്കെതിരെ മുംബൈയിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് ഉന്നയിച്ച ലൈംഗികാരോപണം നിഷേധിച്ച് നടനും എം.എല്‍.എയുമായ മുകേഷ് രംഗത്ത്. താനല്ല ടെസ് ജോസഫിനെ ഫോണില്‍ വിളിച്ചതെന്നും അവരുടെ തെറ്റിദ്ധാരണയായിരിക്കാം അതെന്നും മുകേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഫോണ്‍ ചെയ്തത് മറ്റാരെങ്കിലുമാകാം. ടെസ് ജോസഫിനെ ഓര്‍മയില്ല. ‘മീ ടൂ’ ക്യാംപയിനെ പിന്തുണയ്ക്കുന്നു. ദുരനുഭവങ്ങളുണ്ടായാല്‍ പെണ്‍കുട്ടികള്‍ അപ്പോള്‍ത്തന്നെ പ്രതികരിക്കണം. കലാരംഗത്തേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ വരണമെന്നാണ് ആഗ്രഹം.

വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ താല്‍പര്യമില്ലെന്നു ടെസ് പറഞ്ഞതും മുഖവിലക്കെടുക്കണം. കോടീശ്വരന്‍ പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന കമ്പനിയുടമയും പാര്‍ലമെന്റംഗവുമായ ഡെറക് ഒബ്രയാന്‍ തന്റെ അടുത്ത സുഹൃത്തും ഗുരുവുമാണ്. അദ്ദേഹം പിന്നീടും തന്നോടു സഹകരിച്ചിട്ടുണ്ട്.

ഇത്തരമൊരു ആരോപണം തന്റെ മേലുണ്ടെങ്കില്‍ ഒബ്രയോന്‍ തന്നെ പിന്നീട് സമീപിക്കുമോയെന്നും മുകേഷ് മാധ്യമങ്ങളോടു പറഞ്ഞു. ഫോണിലൂടെ മോശമായി സംസാരിച്ചുവെന്നാണ് അവര്‍ ആരോപിച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെ ഫോണിലൂടെ മോശമായി സംസാരിക്കുന്ന ഒരാളല്ല താന്‍.

യുവതിയുടെ പരാതിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണോ എന്നത് ആലോചിച്ച് തീരുമാനിക്കും. ആരോപണത്തിന്റെ പേരില്‍ രാജി വയ്ക്കുമോയെന്ന ചോദ്യത്തിന് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം ആ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് മുകേഷ് മറുപടി നല്‍കി.

ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ടെസ് ജോസഫ് ഇന്നലെ ട്വിറ്ററിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്. കൊല്‍ക്കത്ത സ്വദേശിയായ ടെസ് ഇപ്പോള്‍ കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്

നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തു എന്നാണ് ടെസ് പറയുന്നത്. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. അതേസമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.

ആഗോളതലത്തില്‍ തന്നെ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയ മീടു ക്യാംപെയിന്‍ ഇന്ത്യയില്‍ തുടങ്ങിയത് ഈ ക്യാംപെയിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ്. നടി തനുശ്രീ ദത്ത മുതിര്‍ന്ന നടന്‍ നാനപടേക്കര്‍ക്കെതിരെ നടത്തിയ ആരോപണം ഈ ക്യാംപെയിന് ജീവന്‍ നല്‍കി. കേന്ദ്രമന്ത്രി എംജെ അക്ബര്‍ അടക്കം അനവധിപ്പേരാണ് മീടു ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്.

അതേസമയം സിപിഎം എംഎല്‍എ കൂടിയായ മുകേഷിനെതിരായ ആരോപണത്തിന്റെ നിയമവശങ്ങളും പരിഗണിച്ച് പ്രതികരിക്കാം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. സംഭവത്തില്‍ പ്രതികരണത്തിന് മുകേഷ് വൈസ് പ്രസിഡന്റായ താര സംഘടന അമ്മ തയ്യാറായില്ല.