ഒമാനില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

single-img
10 October 2018

ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ന് കടലില്‍ തിരമാല ഉയരുമെന്നും ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ ലഭിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

നാലു മുതല്‍ ആറ് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉയരുമെന്നും കടല്‍ തീരങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയോടെ കാറ്റ് ഒമാന്‍ തീരത്തെത്തിലേക്കുമെന്നും നാഷനല്‍ മള്‍ട്ടി ഹസാര്‍ഡ് ഏര്‍ലി വാണിംഗ് സെന്റര്‍ അറിയിച്ചു.

50 മുതല്‍ 55 കിലോമീറ്ററാണ് കാറ്റിന്റെ വേഗത. ദോഫാര്‍, അല്‍ വുസ്ത മേഖലയില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രദേശത്തെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് പൊതു വിഭാഗവും സിവില്‍ ഏവിയേഷന്‍ പൊതു വിഭാഗവും സംയുക്ത യോഗം ചേര്‍ന്നു.

സിവില്‍ ഡിഫന്‍സ് തലവന്‍ ഡോ. മുഹമ്മദ് അല്‍ സഅബിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ദോഫാര്‍, അല്‍ വുസ്ത മേഖലയില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കും. ആവശ്യ ഘട്ടങ്ങളില്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കും.