ദമ്പതികളും മകളും വീട്ടിനുള്ളില്‍ കുത്തേറ്റ് മരിച്ചനിലയില്‍; കൊലപാതകത്തിന് പിന്നില്‍ 18 കാരനായ മകന്‍?

single-img
10 October 2018

ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികളായ മിതിലേഷ് (40), ഭാര്യ സിയ (40), ഇളയ മകള്‍ നേഹ (16) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുളളില്‍ കുത്തേറ്റ നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. സംഭവത്തില്‍ ദമ്പതികളുടെ മൂത്ത മകന്‍ സുരാജിനെ(18) ചെറിയ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ വസന്ത് കുഞ്ചില്‍ ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

ബുധനാഴ്ച രാവിലെ സുരാജ് ബാല്‍ക്കണിയില്‍നിന്ന് അലറിവിളിക്കുന്നത് കേട്ടെത്തിയ അയല്‍വാസികളാണ് മൂവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വീട് അകത്തുനിന്ന് പൂട്ടിയിട്ടിരുന്നതിനാല്‍ സുരാജ് തന്നെയാണ് ബാല്‍ക്കണിയില്‍നിന്ന് താക്കോല്‍ എറിഞ്ഞുനല്‍കിയത്.

വീടിനകത്ത് പ്രവേശിപ്പിച്ചപ്പോള്‍ രണ്ടുമുറികളിലായി മൂവരും മാരകമായ പരിക്കുകളോടെ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. അതേസമയം, വിരലിന് മാത്രം നിസാര പരിക്കേറ്റ നിലയാണ് മിഥിലേഷിന്റെ മകന്‍ സുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

വീട്ടില്‍ അതിക്രമിച്ചുകയറിയ രണ്ടുപേര്‍ തങ്ങളെ ആക്രമിച്ചെന്നും, അമ്മ മുമ്പില്‍നിന്നതിനാല്‍ തനിക്ക് വലിയ പരിക്കേറ്റില്ലെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. വിരലിന് പരിക്കേറ്റയുടന്‍ താന്‍ ബോധരഹിതനായെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം, സുരാജിന്റെ മൊഴി വിശ്വസീനയമല്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

ബാക്കി മൂന്നുപേരെ കുത്തിക്കൊലപ്പെടുത്തിയിട്ടും സുരാജിന് മാത്രം നിസാരമുറിവേറ്റതാണ് പോലീസിന്റെ സംശയം ബലപ്പെടുത്തുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും, പ്രതിയെന്ന് സംശയിക്കുന്നവരില്‍ ദമ്പതികളുടെ മകനും ഉണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.