സര്‍ക്കാരില്‍ നിന്നും പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്ന് തൊഴിലാളിക്ക് ലഭിച്ചത് ഒന്നരക്കോടിയുടെ വജ്രം

single-img
10 October 2018

മധ്യപ്രദേശിലെ ബുണ്ഡേല്‍ഖണ്ഡ് പ്രദേശത്തെ ഖനന തൊഴിലാളിയായ മോട്ടിലാല്‍ പ്രചാപതി ഒറ്റ ദിവസംകൊണ്ട് കോടീശ്വരനായി. സര്‍ക്കാരില്‍ നിന്നും പാട്ടത്തിനെടുത്ത ഭൂമിയാണ് പ്രചാപതിയെ കോടീശ്വരനാക്കിയത്. രാജ്യത്തെ ഒരേ ഒരു വജ്ര ഖനിയായ പന്നയിലെ 25 ചതുരശ്ര അടി സ്ഥലമാണ് ഇദ്ദേഹം പാട്ടത്തിനെടുത്തിരുന്നത്.

ഇവിടെ നിന്നും മോത്തിലാലിന് ലഭിച്ചിരിക്കുന്നത് 42.59 ക്യാരറ്റ് മൂല്യമുള്ള വജ്രമാണ്. ഇത് ഈ സ്ഥലത്ത് നിന്നും ഇത് വരെ ലഭിച്ചതില്‍ വച്ച് ഏറ്റവും മൂല്യമേറിയ വജ്രമാണ്. ഒന്നരക്കോടിയോളം വില മതിക്കുന്ന വജ്രം നിലവില്‍ പന്ന ജില്ലാ കളക്ടറുടെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇത് ലേലം ചെയ്ത് ലഭിക്കുന്ന രൂപയില്‍ നികുതി കുറച്ച് ബാക്കി മോത്തിലാലിന് നല്‍കും. എന്നാല്‍ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പിന് ശേഷമേ ലേല നടപടികള്‍ ആരംഭിക്കുകയുള്ളു. എനിക്ക് വിശ്വസിക്കാനാവുന്നില്ല എന്നാണ് വജ്രത്തിന്റെ മൂല്യം അറിഞ്ഞപ്പോള്‍ മോട്ടിലാല്‍ പ്രതികരിച്ചതെന്ന് പന്ന ജില്ലയിലെ മൈനിങ് ഓഫീസറായ സന്തോഷ് സിങ് വെളിപ്പെടുത്തി.

‘മൂന്ന് തലമുറകളായി ഞങ്ങള്‍ ഇവിടെ ഭൂമി പാട്ടത്തിനെടുത്ത് ഖനനം നടത്തുന്നു. എന്നാല്‍ ഇതുവരെ ഇത്തരത്തിലൊരു ഭാഗ്യം ഞങ്ങള്‍ക്കുണ്ടായിട്ടില്ല. ദൈവ സഹായത്തില്‍ എനിക്ക് മികച്ച മൂല്യമുള്ള വജ്രം ലഭിച്ചിരിക്കുന്നു. ഈ പണം ഞാന്‍ എന്റെ കുഞ്ഞുങ്ങളുടെ പഠനത്തിനും സഹോദരന്മാരുടെ മക്കളുടെ വിവാഹത്തിനും പുതിയ വീട് വെക്കാനുമായി ചിലവഴിക്കും’ മോട്ടിലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

42.59 ക്യാരറ്റ് മൂല്യമുള്ള ഈ വജ്രംഈ പ്രദേശത്ത് നടത്തിയ ഖനനത്തില്‍ നിന്ന് ലഭിച്ചിട്ടുള്ള വജ്രങ്ങളില്‍ വലുപ്പത്തില്‍ രണ്ടാമതും മൂല്യത്തില്‍ ഒന്നാമതുമാണ്. മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ് ഈ വജ്ര ഖനി പ്രവര്‍ത്തിക്കുന്നത്. നേരത്തെ 1961ല്‍ 44.55 ക്യാരറ്റ് വലുപ്പമുള്ള വജ്രം ഈ ഖനിയില്‍ നിന്ന് ലഭിച്ചിരുന്നു.