റഫാല്‍ ഇടപാടില്‍ മോദിസര്‍ക്കാരിനു വന്‍ തിരിച്ചടി; ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് സുപ്രീം കോടതി

single-img
10 October 2018

റഫാല്‍ കരാറില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. കരാറിലേക്കു നയിച്ച നടപടികള്‍ അറിയിക്കണം.

സീല്‍ ചെയ്ത കവറില്‍ ഒക്ടോബര്‍ 29ന് വിവരങ്ങള്‍ സമര്‍പ്പിക്കാനാണു സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിക്കു വിഷയത്തില്‍ നോട്ടിസ് അയയ്ക്കില്ലെന്നും കോടതി വ്യക്തമാക്കി. റഫാല്‍ കരാറിനു പിന്നില്‍ വന്‍ അഴിമതിയാണുള്ളതെന്നു ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നു കേന്ദ്രസര്‍ക്കാരും തിരിച്ചടിച്ചു. വിലയും സാങ്കേതിക കാര്യങ്ങളും പുറത്തായാല്‍ അതു രാജ്യസുരക്ഷയെ ബാധിക്കുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കരാര്‍ തുകയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി നിലപാടെടുത്തു.

തീരുമാനങ്ങളെടുക്കുന്നതിലെ ഘട്ടങ്ങളെക്കുറിച്ചു സ്വയം സംതൃപ്തരാകുന്നതിനാണ് ഇതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. 36 വിമാനങ്ങള്‍ക്കായുള്ള 59,000 കോടി രൂപയുടെ കരാറില്‍ അഴിമതി നടന്നിട്ടുള്ളതായി ഹര്‍ജിക്കാരനായ എം.എല്‍. ശര്‍മ വാദിച്ചു.

ദേശീയ സുരക്ഷ കൂടി ഉള്‍പ്പെട്ടിട്ടുള്ള സംഭവമാണ് ഇതെന്നും തിരഞ്ഞെടുപ്പ് ലാഭമുണ്ടാക്കുന്നതിനു കോടതിയെ ഉപയോഗിക്കുകയാണെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. കരാര്‍ സംബന്ധിച്ച വിവരങ്ങളും എന്‍ഡിഎ, യുപിഎ സര്‍ക്കാരുകളുടെ കാലത്തെ കരാര്‍ തുക സംബന്ധിച്ച വിവരങ്ങളും സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ദന്‍ദ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വ ഒലോന്‍ദ് കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയതോടെയാണു റഫാല്‍ വിഷയം വീണ്ടും ചൂടുപിടിക്കുന്നത്. കരാറില്‍ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സിനെ കൊണ്ടുവന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണെന്നായിരുന്നു ഒലോന്‍ദിന്റെ വെളിപ്പെടുത്തല്‍.