കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെ കൂടുതല്‍ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍; രാജിവെക്കണമെന്ന് പ്രതിപക്ഷം

single-img
10 October 2018

കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ വീണ്ടും ലൈംഗികാതിക്രമ ആരോപണം. ഏഷ്യന്‍ ഏജ് പത്രത്തിലെ മുന്‍ സഹപ്രവര്‍ത്തകയാണ് മി ടൂ ക്യാമ്പയിനിലൂടെ എം.ജെ അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. അക്ബറിന്റെ കൂടെ ജോലി ചെയ്യുന്ന കാലത്ത് ക്യാബിനിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

പ്രതിഷേധിച്ചിട്ടും പ്രതികരിച്ചിട്ടും അക്ബര്‍ പിന്മാറാതിരുന്നതോടെ സ്ഥാപനത്തില്‍ നിന്ന് രാജിവെച്ചെന്നും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കി. കഴിഞ്ഞ ദിവസം അഞ്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അക്ബറിനെതിരെ രംഗത്തെത്തിയിരുന്നു. ജോലിക്ക് അഭിമുഖത്തിനായി വന്നപ്പോള്‍ അക്ബര്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന് ഒരു മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തിയതോടെയാണ് നാല് മാധ്യമപ്രവര്‍ത്തകര്‍ കൂടി രംഗത്തെത്തിയത്.

മന്ത്രിയാകുന്നതിന് മുന്‍പ് ടെലഗ്രാഫ്, ഏഷ്യന്‍ ഏജ്, സണ്‍ഡെ ഗാര്‍ഡിയന്‍ എന്നീ മാധ്യമസ്ഥാപനങ്ങളില്‍ എം.ജെ അക്ബര്‍ ജോലിചെയ്തിട്ടുണ്ട്. ഇക്കാലത്ത് നടത്തിയ ലൈംഗിക ചൂഷണങ്ങള്‍ സംബന്ധിച്ചാണ് വെളിപ്പെടുത്തല്‍. അതേസമയം എം.ജെ. അക്ബറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.

അക്ബറിനെതിരായ ആരോപണങ്ങള്‍ക്ക് അദ്ദേഹം തൃപ്തികരമായ മറുപടി നല്‍കണം. അല്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡി ആവശ്യപ്പെട്ടു. അക്ബറിനെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തണം. കേന്ദ്രമന്ത്രി സുഷമ സ്വരാജ് അവരുടെ സഹപ്രവര്‍ത്തകനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും ജയ്പാല്‍ കൂട്ടിച്ചേര്‍ത്തു.