ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തി

single-img
10 October 2018

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രതിനിധി ഫീസ് 2,000 രൂപയാക്കി വര്‍ധിപ്പിച്ചു. മന്ത്രി എ.കെ.ബാലനാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ഇത്തവണത്തെ മേള നടക്കുക. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഇത്തവണ ഉണ്ടാകില്ലെന്നും ബാലന്‍ വ്യക്തമാക്കി.

പ്രളയം സംസ്ഥാനത്തെയാകെ ഉലച്ചതിനാല്‍ മേള ഉപേക്ഷിക്കാനായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേള നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. ചലച്ചിത്ര അക്കാദമി സ്വന്തം നിലക്കാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.

അതിനാലാണ് ഫീസ് നിരക്ക് ഉയര്‍ത്തിയത്. വിദേശ അതിഥികളുടെ എണ്ണം കുറക്കാനും ഏഷ്യന്‍ സിനിമകള്‍ക്കും ജൂറികള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഉദ്ഘാടനസമാപന ചടങ്ങുകളിലെ ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും.

കഴിഞ്ഞ വര്‍ഷം മേളയ്ക്ക് ആറ് കോടി രൂപയാണ് ചെലവായത്. ഇത്തവണ മൂന്ന് കോടിക്ക് നടത്താനുള്ള നിര്‍ദ്ദേശം ചലച്ചിത്ര അക്കാദമി നേരത്തെ തയ്യാറാക്കിയിരുന്നു. നിലവിലുള്ള ഡെലിഗേറ്റ് പാസ് ഉയര്‍ത്തുന്നതിലൂടെ രണ്ട് കോടി രൂപ ലഭിക്കാന്‍ അക്കാദമിക്ക് സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ബാക്കി ഒരു കോടി പദ്ധതി വിഹിതത്തില്‍ നിന്ന് ചെലവഴിച്ചാല്‍ മതി.