ഐസിസി ലോക ട്വന്റി20 യോഗ്യതാ മല്‍സരത്തില്‍ ‘വിക്കറ്റ് പെയ്ത്ത്’; 10.1 ഓവറില്‍ ഒന്‍പതു റണ്‍സ് നേടുന്നതിനിടെ നഷ്ടമായത് എട്ടു വിക്കറ്റ്: വീഡിയോ

single-img
10 October 2018

ഐസിസി ലോക ട്വന്റി20 ഏഷ്യന്‍ മേഖലാ യോഗ്യതാ മല്‍സരത്തില്‍ മ്യാന്‍മറിനെതിരെ ആതിഥേയരായ മലേഷ്യയ്ക്ക് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മ്യാന്‍മര്‍ 10.1 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പതു റണ്‍സ് നേടിയപ്പോള്‍, മലേഷ്യ 10 പന്തില്‍ ലക്ഷ്യത്തിലെത്തി. അതിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കുകയും ചെയ്തു.

ആദ്യം ബാറ്റു ചെയ്ത മ്യാന്‍മര്‍ 10.1 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പതു റണ്‍സെടുത്തു നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. ഇതോടെ മല്‍സരം നിര്‍ത്തിവച്ച അംപയര്‍മാര്‍ മഴ മാറിയപ്പോള്‍ മലേഷ്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ ആറു റണ്‍സായി പുനര്‍നിര്‍ണയിച്ചു.

ആറു റണ്‍സ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത മലേഷ്യയ്ക്കും തുടക്കം പിഴച്ചു. ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍മാര്‍ സംപൂജ്യരായി പുറത്ത്. നേരിട്ട മൂന്നാം പന്ത് സിക്‌സിനു പറത്തി സുഹാന്‍ അലഗരത്‌നമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. മ്യാന്‍മര്‍ നിരയില്‍ ആറു പേരാണ് പൂജ്യത്തിനു പുറത്തായത്.

മൂന്നു റണ്‍സെടുത്തു പുറത്താകാതെ നിന്ന കോ ഓങ്ങാണ് അവരുടെ ടോപ് സ്‌കോറര്‍. 12 പന്തില്‍നിന്നാണ് ഓങ് മൂന്നു റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ലിന്‍ ഓങ് 17 പന്തില്‍ രണ്ടു റണ്‍സെടുത്തപ്പോള്‍, മ്യാന്‍മര്‍ ഇന്നിങ്‌സല്‍ അക്കൗണ്ട് തുറന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനായ ലിന്‍ ഊ ഏഴു പന്തില്‍ ഒരു റണ്ണെടുത്തു. മ്യാന്‍മറിന്റെ സ്‌കോര്‍ ബോര്‍ഡിലെത്തിയ ഒന്‍പതു റണ്‍സില്‍ മൂന്നും മലേഷ്യന്‍ ബോളര്‍മാര്‍ എക്‌സ്ട്രാ ഇനത്തില്‍ വിട്ടുനല്‍കിയതാണ്.