വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്; കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുടെ കുറ്റസമ്മത വീഡിയോ പുറത്ത്

single-img
10 October 2018

2014ല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി. ഒരു മറാത്തി ചാനലില്‍ നടന്ന റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയാണ് ഗഡ്കരിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ച് പാര്‍ട്ടി അധികാരം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പാര്‍ട്ടിക്ക് പ്രതീക്ഷയില്ലാത്ത തിരഞ്ഞെടുപ്പായിരുന്നത് കൊണ്ട് വലിയ വാഗ്ദാനങ്ങള്‍ നല്‍കാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നു. അധികാരം കിട്ടിയില്ലെങ്കില്‍ വാഗ്ദാനങ്ങള്‍ കൊണ്ട് പ്രശ്‌നമില്ല.

എന്നാല്‍ തങ്ങള്‍ ജയിച്ചു. അധികാരം ലഭിച്ചതോടെ ആളുകള്‍ വാഗ്ദാനങ്ങളെ പറ്റി ചോദിക്കുകയാണ്. തങ്ങള്‍ അതു കേട്ട് ചിരിക്കുക്കുന്നു. തങ്ങളുടെ രീതിയിലൂടെ തന്നെ പോകുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം മന്ത്രി പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ വാദം ഗഡ്കരി അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. ബിജെപി അധികാരത്തില്‍ വന്നതുകൊണ്ട് പാര്‍ട്ടിക്കും പാര്‍ട്ടിയുടെ ഇഷ്ടക്കാര്‍ക്കും മാത്രമെ ഗുണമുണ്ടായുള്ളൂ എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നേരത്തെ സംവരണവുമായി ബന്ധപ്പെട്ട് മറാത്താ വിഭാഗം പ്രക്ഷോഭം നടത്തിയപ്പോഴും പിഴവുകള്‍ സമ്മതിച്ച് ഗഡ്കരി രംഗത്തുവന്നിരുന്നു. രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു ഗഡ്കരിയുടെ പരാമര്‍ശം.