ദുബായില്‍ സമ്മാനമടിച്ച ഏഴരക്കോടി രൂപ 39 പേര്‍ക്ക് വീതം വെച്ച് മലയാളി

single-img
10 October 2018

നറുക്കെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായി നാല്‍പതംഗ സംഘത്തിന് സമ്മാനം. മലയാളികളുടെ നേതൃത്വത്തിലെടുത്ത ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയര്‍ നറുക്കെടുപ്പിലാണ് ഏഴ് കോടിയിലേറെ (10 ലക്ഷം യുഎസ് ഡോളര്‍) രൂപ സമ്മാനം ലഭിച്ചത്. ദുബായ് അല്‍ ഫുത്തൈം കമ്പനിയിലെ കാര്‍ ടെക്‌നിഷ്യന്‍ തൃശൂര്‍ സ്വദേശി പാവറട്ടി സ്വദേശി രമേശ് കൃഷ്ണന്‍കുട്ടി(47)ക്കും സഹ പ്രവര്‍ത്തകരുമാണ് ഏറ്റവും കൂടുതല്‍ പേര്‍ ഒന്നിച്ചെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചതോടെ ചരിത്രത്തില്‍ ഇടം പിടിച്ചത്.

സമ്മാനത്തുക, ഭാഗ്യം കൊണ്ടുവന്ന 3295 എന്ന ടിക്കറ്റ് എടുക്കാന്‍ ഒപ്പമുണ്ടായിരുന്ന 39 പേര്‍ക്കും പങ്കുവെയ്ക്കാനാണ് രമേശിന്റെ തീരുമാനം. തുടക്കത്തില്‍ ടിക്കറ്റെടുക്കാന്‍ 100 പേരടങ്ങിയ സംഘമാണ് പണം പിരിച്ചിരുന്നത്. പിന്നീട് ഇത് 40 പേരായി ചുരുങ്ങി.

സംഘത്തില്‍ ഭൂരിഭാഗവും മലയാളികളാണ്. അതും തൃശൂര്‍ സ്വദേശികള്‍. ആന്റോ വാടാനപ്പള്ളി സ്വദേശി, സുബിന്‍ ഇരിങ്ങാലക്കുട, പ്രവീണ്‍, പ്രഭാത്, ബിനീഷ്, കിഷോര്‍, വിജില്‍, ബൈജു, മധു, ആലപ്പുഴ സ്വദേശി പ്രകാശ്, കണ്ണൂര്‍ സ്വദേശി സുജിത്, മനോജ്, ബിനീഷ്, രാജേഷ്, സുധീഷ്, പാലക്കാട് സ്വദേശികളായ വിനോദ്, ഉദയന്‍, പ്രവീണ്‍, ജയന്‍, ആലപ്പുഴ സ്വദേശി പ്രസാദ്, കൊല്ലം സ്വദേശി അജി, പത്തനംതിട്ട സ്വദേശി സുരേഷന്‍, കൊല്ലം സ്വദേശി സന്തോഷ്, വടകര സ്വദേശി അജിത്, മലപ്പുറം സ്വദേശി പ്രവീണ്‍ തുടങ്ങിയവരെ കൂടാതെ, മുംബൈ സ്വദേശി റിയാസ്, ഗോവ സ്വദേശികളായ സഹീര്‍, പ്രാണേഷ്, മംഗലാപുരം സ്വദേശികളായ അല്‍ത്താഫ്, വില്യം എന്നിവരും പാക്കിസ്ഥാന്‍ സ്വദേശി ഇഖ്ബാലും ചേര്‍ന്നാണ് ടിക്കറ്റെടുത്തത്.

സമ്മാനം ലഭിച്ചതറിഞ്ഞ് ഫോണ്‍ വന്നപ്പോള്‍ ആദ്യം വിശ്വാസമായില്ല. ഒടുവില്‍ രമേശിന്റെ ആവശ്യപ്രകാരം സംഘാടകര്‍ വിവരം അറിയിച്ച് ഇമെയില്‍ അയച്ചു. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചില്ല. ഭാര്യയും രണ്ടു കുട്ടികളും നാട്ടിലാണ്. അടുത്ത അവധിക്ക് അവരെ ദുബായ് കാണിക്കാന്‍ കൊണ്ട് വരണമെന്നാണ് ആദ്യത്തെ ആഗ്രഹമെന്ന് രമേശ് പറഞ്ഞു.

ഇന്നലെ തന്നെ നടന്ന സീരീസ് 282 രണ്ടാമത്തെ നറുക്കെടുപ്പില്‍ പാക്കിസ്ഥാന്‍ സ്വദേശി ഒമാനില്‍ ബിസിനസുകാരനായ പാക്കിസ്ഥാന്‍ സ്വദേശി ഇമ്രാന്‍ ഇസ്ഹാഖിനും ഏഴ് കോടിയിലേറെ രൂപ സമ്മാനം ലഭിച്ചിട്ടുണ്ട്.