വീടിനു ചുറ്റും കോണ്‍ക്രീറ്റ് ചെയ്തു ടൈല്‍സ് പാകുന്നത് നിരോധിക്കും

single-img
9 October 2018

തിരുവനന്തപുരം: വീടിനു ചുറ്റും കോണ്‍ക്രീറ്റ് ചെയ്തു ടൈല്‍സ് പാകുന്നതിനു നിരോധനം വരുന്നു. തിരുവനന്തപുരം നഗരത്തിലാണ് ആദ്യഘട്ടത്തില്‍ നിരോധനം. ടൈല്‍സ് പാകിയ ശേഷം വീടിന്റെ പരിസരത്തെ മഴവെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നതാണു നിലവിലെ രീതി.

വീട്ടു പരിസരങ്ങളിലും മേല്‍ക്കൂരകളിലും നിന്നുള്ള വെള്ളം റോഡിലേക്ക് ഒഴുക്കുമ്പോള്‍ ഓടകള്‍ പെട്ടെന്നു നിറയുകയും റോഡില്‍ വെള്ളപ്പൊക്കമുണ്ടാകുയും ചെയ്യുന്നു. ഇതിനു പരിഹാരം കാണുന്നതിനാണു ടൈല്‍സ് പാകുന്നതിനു നിരോധനം ഏര്‍പ്പെടുത്തുന്നത്.

തുള്ളി വെള്ളം മണ്ണിലേക്കിറങ്ങാത്ത വിധം വീടിന്റെ പരിസരത്തെ ആകെയുള്ള സ്ഥലത്തിന്റെ പകുതി ഭാഗത്തു മാത്രമേ ഇനി കോണ്‍ക്രീറ്റ്, ടൈല്‍സ് തുടങ്ങിയ സ്ഥിരം നിര്‍മിതികള്‍ അനുവദിക്കൂ. അതേസമയം, ഇന്റര്‍ലോക്ക് ബ്രിക് പാകുന്നതിനു തടസ്സമില്ല.

ഇതു സംബന്ധിച്ച ശുപാര്‍ശ നഗരാസൂത്രണ സ്ഥിരം സമിതി, ഭരണസമിതിക്കു സമര്‍പ്പിച്ചു. കെട്ടിട നിര്‍മാണത്തിനിടെയുണ്ടാകുന്ന ക്രമക്കേട് ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തുന്നതിനു കെട്ടിടത്തിന്റെ അടിത്തറ ( ബേസ്‌മെന്റ്) പൂര്‍ത്തിയായ ശേഷം പണി തുടരുന്നതിനു വീണ്ടും അപേക്ഷ നല്‍കുന്നതിനു നടപടി സ്വീകരിക്കാനും സമിതി തീരുമാനിച്ചു.

കൗണ്‍സില്‍ പാസാക്കിയശേഷം സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ തുടര്‍ന്നുണ്ടാകുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതു ബാധകമാക്കും. കെട്ടിട നിര്‍മാണ പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ പ്‌ളാനില്‍ ഇനി മഴവെള്ള സംഭരണിയും 60 ചതുരശ്ര മീറ്ററില്‍ കുറവുള്ള കെട്ടിടമാണെങ്കില്‍ മഴക്കുഴിയും നിര്‍ബന്ധമാക്കും. ഓക്കുപന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ ഇവയുണ്ടെന്ന് ഉറപ്പാക്കി മാത്രമേ ടിസി നമ്പര്‍ അനുവദിക്കൂ.