സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ പട്ടച്ചരട് കുടുങ്ങി; കഴുത്ത് മുറിഞ്ഞ് വനിതാ ഡോക്ടര്‍ മരിച്ചു

single-img
9 October 2018

പുനെ നാസികിലെ ഫട്ട ഫ്‌ലൈ ഓവറില്‍ ഞായറാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം നടന്നത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന 26 കാരിയായ ഡോക്ടര്‍ കൃപാലി നിഗത്തിന്റെ കഴുത്തില്‍ പട്ടച്ചരട് കുടുങ്ങി അവര്‍ ബൈക്കില്‍നിന്ന് വീഴുകയായിരുന്നു.

അപകടത്തില്‍പ്പെട്ട് രക്തം വാര്‍ന്നൊഴുകി 20 മിനുട്ടാണ് കൃപാലിനി റോഡില്‍ കിടന്നത്. ഒടുവില്‍ സിദ്ധാര്‍ത്ഥ് ബൊറാവാക് എന്ന പൂനെ സ്വദേശിയാണ് കൃപാലിയെ ആശുപത്രിയിലെത്തിച്ചത്. താന്‍ ഓടിയെത്തിയപ്പോഴേക്കും ധാരാളം രക്തം വാര്‍ന്നൊഴുകിയിരുന്നു.

അവരെ ആശുപത്രിയിലെത്തിക്കാന്‍ നിരവധി വാഹനങ്ങള്‍ക്ക് മുന്നില്‍ കൈ നീട്ടിയെങ്കിലും ആരും നിര്‍ത്തിയില്ലെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ഏതെങ്കിലും ഒരു വാഹനം നിര്‍ത്തിയിരുന്നെങ്കില്‍ അവരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

പട്ടച്ചരട് മനുഷ്യനും മൃഗങ്ങള്‍ക്കും അപകടമാണെന്ന് ആരോപിച്ച് സിന്തറ്റിക്, നൈലോണ്‍ പട്ടച്ചരടുകള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ 2017 ജൂലൈയില്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ഇത്തരം നൂലുകള്‍ വില്‍ക്കുന്നുണ്ട്. ആളുകള്‍ അശ്രദ്ധമായി ഇത് കൈകാര്യം ചെയ്യുന്നത് വലിയ അപകടമാണ് ഉണ്ടാക്കുന്നത്. കൃപാലിയുടെ അപകട മരണത്തെ തുടര്‍ന്ന് ഇത് വീണ്ടും ചര്‍ച്ചയാവുകയാണ്.