വിഷ’പ്രയോഗം’ പാളിയതോടെ മരകഷണംകൊണ്ട് തലയ്ക്കടിച്ച് കൊന്നു; മകള്‍ ഉണര്‍ന്നതോടെ സവാദിന്റെ മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാനുള്ള പദ്ധതിയും പാളി: പ്രതി കീഴടങ്ങിയത് അതിനാടകീയമായി

single-img
9 October 2018

താനൂര്‍: മത്സ്യത്തൊഴിലാളി അഞ്ചുടിയില്‍ സവാദിനെ കൊലപ്പെടുത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനുശേഷമെന്ന് പൊലീസ്. മൂന്ന് മാസം മുമ്പ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയെങ്കിലും സവാദ് ഇത് കഴിച്ചില്ല. പിന്നീട് മറ്റൊരു ദിവസം രാത്രിയില്‍ കൊല നടത്താനുള്ള ശ്രമവും പരാജയപ്പെട്ടു.

പിന്നീടാണ് കൃത്യമായ ആസൂത്രണത്തോടെ കൊല നടത്താന്‍ ബഷീര്‍ രണ്ടു ദിവസത്തെ അവധിക്ക് വിദേശത്തു നിന്ന് എത്തിയത്. കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ കൃത്യം നടത്തിയതിനു ശേഷം സവാദിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കാനും പദ്ധതിയിട്ടിരുന്നു.

എന്നാല്‍ മകള്‍ ഉണര്‍ന്നതോടെ ഇതുപാളി. സവാദിനൊപ്പം വരാന്തയില്‍ ഉറങ്ങി കിടന്ന മകള്‍ സവാദിന്റെ തലക്കടിക്കുന്ന ശബ്ദം കേട്ട് ഉണരുകയായിരുന്നു. രണ്ടു തവണയാണ് മരകഷണം കൊണ്ട് സവാദിന്റെ തലക്കടിച്ചത്. മകളെ മുറിയില്‍ പൂട്ടിയിട്ടതിനു ശേഷമാണ് മരണം ഉറപ്പാക്കാന്‍ ഭാര്യ സൗജത്ത് സവാദിന്റെ കഴുത്ത് പാതി മുറിച്ചത്.

നാലു വര്‍ഷമായി സവാദിന്റെ ഭാര്യയും പ്രതി ബഷീറും പ്രണയത്തിലായിരുന്നു. ഇവര്‍ ഒരുമിച്ച് ജീവിക്കുന്നതിന് സവാദ് തടസമായതോടെയാണ് കൊല്ലാന്‍ പദ്ധതിയിട്ടത്. കൊലപാതകത്തിനു ശേഷം ഷാര്‍ജയിലേക്കു കടന്ന ഇയാള്‍ ഇന്നലെ രാവിലെ താനൂര്‍ പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കൊലപാതക വിവരം മാധ്യമങ്ങള്‍ വഴി പ്രചരിച്ചതിനാല്‍ വിദേശത്ത് തുടരാനാവാതെ മടങ്ങുകയായിരുന്നു.

ചെന്നൈ വിമാനത്താവളത്തിലെത്തി, അവിടെനിന്ന് ട്രെയിന്‍ മാര്‍ഗം തിരൂരിലെത്തി. തുടര്‍ന്ന് ടാക്‌സി കാറിലാണ് താനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. ക്ലീന്‍ ഷേവില്‍ രാവിലെ പൊലീസ് സ്റ്റേഷനില്‍ കയറിവന്ന ബഷീറിനെ ഒറ്റനോട്ടത്തില്‍ പൊലീസിനു മനസ്സിലായില്ല.

‘ഞാന്‍ ബഷീറാണ്, സവാദിനെ കൊന്ന…’ എന്നു സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് പൊലീസിന് ആളെ പിടികിട്ടിയത്. ഒട്ടും പരിഭ്രമമില്ലാതെയായിരുന്നു വരവ്. മാധ്യമസംഘത്തിനു മുന്നിലും പതറാതെ ബഷീര്‍ സംഭവങ്ങള്‍ വിവരിച്ചു. ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി.

സവാദിന്റെ തലയ്ക്കടിക്കാന്‍ ഉപയോഗിച്ച മരക്കഷണം ഇവിടെ നിന്നു കണ്ടെത്തി. പ്രതിയെ വൈദ്യപരിശോധനയ്ക്ക് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി. സവാദ് താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഇന്നലെ പൊലീസ് നടത്തിയ പരിശോധനയില്‍ ഉറക്കഗുളികകള്‍ കണ്ടെടുത്തു. സവാദിന്റെ ഭാര്യ സൗജത്തും ബഷീറിന് സവാദിന്റെ വീട്ടിലെത്താന്‍ വാഹനം ഏര്‍പ്പെടുത്തി കൊടുത്ത സൂഫിയാനും നേരത്തെ അറസ്റ്റിലായിരുന്നു.