കേരളത്തില്‍ 2860 സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തി: പൊതുഗതാഗതരംഗം കടുത്ത പ്രതിസന്ധിയിലേക്ക്

single-img
9 October 2018

ഇന്ധനവിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളില്‍പ്പെട്ട് സംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തിയ സ്വകാര്യബസുകളുടെ എണ്ണം 2860 ആയി. ഓട്ടം നിര്‍ത്തിവയ്ക്കാനുള്ള അപേക്ഷ മോട്ടോര്‍വാഹനവകുപ്പിന് സമര്‍പ്പിച്ചാണ് മിക്ക ബസ്സുടമകളും ഒക്ടോബര്‍ ഒന്നുമുതല്‍ ബസുകള്‍ ഷെഡില്‍ കയറ്റിയത്.

പൊതുഗതാഗതരംഗം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിത്. ഇന്ധനവിലക്കയറ്റത്തെത്തുടര്‍ന്ന് നഷ്ടം കുറയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സി. രണ്ടാഴ്ചയ്ക്കിടെ രണ്ടുലക്ഷം കിലോമീറ്റര്‍ സര്‍വീസ് കുറച്ചിരുന്നു. നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ സ്വകാര്യബസുകള്‍ പണിമുടക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സ്വകാര്യബസുകളില്‍ 25 ശതമാനത്തോളമാണ് ഓട്ടം നിര്‍ത്തിയത്. മാര്‍ച്ച് 31ലെ കണക്കുപ്രകാരം സംസ്ഥാനത്ത് 12,600 സ്വകാര്യബസുകളാണ് സര്‍വീസ് നടത്തുന്നത്. ഒരു ബസില്‍ ദിവസം 700 മുതല്‍ 1200 യാത്രക്കാര്‍വരെ യാത്ര ചെയ്യുന്നുണ്ടെന്നാണ് ഏകദേശകണക്ക്. ഇന്ധനവിലക്കയറ്റത്തെത്തുടര്‍ന്ന് പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണംകൂടിയിരുന്നു.