നമ്പിനാരായണന് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി; ചാരക്കേസ് വിധിയില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി

single-img
9 October 2018

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരം ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് 50 ലക്ഷം രൂപയുടെ ചെക്ക് നമ്പി നാരായണന് കൈമാറിയത്. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നമ്പി നാരായണന്റെ പോരാട്ടം നീതിക്കു വേണ്ടിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് കേസില്‍ അനുകൂല വിധി നേടിയെടുക്കാന്‍ സഹായകമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി ഇത്ര വേഗത്തില്‍ നടപ്പാക്കിയ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് നമ്പി നാരായണനും വ്യക്തമാക്കി.

മറ്റ് മുഖ്യമന്ത്രിമാരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് പിണറായിയെന്നും ഈ കേസിലെ അനീതിയേക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണകളുണ്ടായിരുന്നുവെന്നും നമ്പി നാരായണന്‍ കൂട്ടിച്ചേര്‍ത്തു. നമ്പി നാരായണന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണമെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

അദ്ദേഹത്തെ കേസില്‍ കുടുക്കിയതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് അന്വേഷിക്കാന്‍ റിട്ട. ജസ്റ്റീസ് ഡി.കെ ജെയ്ന്‍ അധ്യക്ഷനായ സമിതിയെ നിയോഗിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖന്‍വീല്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചിന്റേതായിരുന്നു വിധി.