വനിതാ സംവിധായികയുടെ ലൈംഗികാരോപണം: ടെസിനെ അറിയുക പോലുമില്ലെന്ന് നടന്‍ മുകേഷ്

single-img
9 October 2018

ബോളീവുഡിലെ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് നടന്‍ മുകേഷ്. ടെസ് ജോസഫ് എന്ന സ്ത്രീയെ താന്‍ ഒര്‍ക്കുന്നുപോലുമില്ലെന്ന് മുകേഷ് പറഞ്ഞു. ആരോപണങ്ങളെ ചിരിച്ചു തള്ളുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്നെ രാജി വയ്പിക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമാണോ ആരോപണമെന്ന് സംശയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

‘ഈ ടെലിവിഷന്‍ ഷോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതാണ്. ഈ ആരോപണത്തെക്കുറിച്ച് അറിയില്ല. ടെസ് ജോസഫ് എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഓര്‍മ്മ പോലുമില്ല. എന്തുകൊണ്ട് ഇത്രയുംനാള്‍ ആരോപണം ഉയര്‍ത്തിയില്ല? ഇവരൊക്കെ ഉറക്കമായിരുന്നോ? എനിക്ക് ഒന്നും പറയാനില്ല. നിങ്ങള്‍ എന്താണെന്ന് വച്ചാല്‍ ചെയ്‌തോ. വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിച്ചോ. കൂടുതല്‍ പ്രതികരണങ്ങളുടെ ആവശ്യമില്ലെന്നും താനൊരു യാത്രയിലാണ്’. മുകേഷ് വ്യക്തമാക്കി.

അതേസമയം, വീണ്ടും മാധ്യമങ്ങള്‍ മുകേഷിന്റെ പ്രതികരണത്തിനായി അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നാണ് വിവരം. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണ് ടെസ് ജോസഫ് എന്ന യുവതി വെളിപ്പെടുത്തിയത്. അന്ന് ചിത്രീകരണത്തിനിടയില്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത മുറിയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്.

നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ, ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറിക്ക് ഒബ്രിയാനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തു. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. അതേ സമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററിലൂടെയാണ് ടെസ് ജോസഫിന്റെ ആരോപണം.