കേന്ദ്രമന്ത്രി എം.ജെ.അക്ബറും ‘മീ ടൂ’വില്‍ കുടുങ്ങി: മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തലില്‍ കുരുക്ക് മുറുകുന്നു

single-img
9 October 2018

ലൈംഗികാതിക്രമങ്ങള്‍ സ്ത്രീകള്‍ സ്വയം വെളിപ്പെടുത്തുന്ന മീറ്റു ക്യാംപെയ്‌നില്‍ കുടുങ്ങി വിദേശകാര്യസഹമന്ത്രി എം.ജെ അക്ബറും. അക്ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ജോലിക്ക് അഭിമുഖത്തിനെത്തുന്ന വനിതാ പത്രപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.

ഹോട്ടല്‍ മുറിയില്‍ മദ്യത്തിന്റെ അകമ്പടിയിലായിരുന്നു അഭിമുഖങ്ങളെന്നും വെളിപ്പെടുത്തലുണ്ട്. പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് ദി ടെലഗ്രാഫിന്റെ സ്ഥാപക എഡിറ്റര്‍ കൂടിയായ എം.കെഅക്ബറിനെതിരെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

ഒരു വര്‍ഷം മുമ്പ് വോഗ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു കുറിപ്പ് പുനപ്രസിദ്ധീകരിച്ചുകൊണ്ടാണാണ് പ്രിയ രമണി വെളിപ്പെടുത്തല്‍ നടത്തിയത്. അന്ന് എഴുതിയ കുറിപ്പില്‍ എം.ജെ അക്ബറിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ എം.ജെ അക്ബര്‍ കഥയുമായി എന്റെ വക തുടങ്ങട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് ഇത്തവണ ആ കുറിപ്പിന്റെ ലിങ്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അദ്ദേഹം ‘ഒന്നും’ ചെയ്തില്ല. ഒരുപാട് സ്ത്രീകള്‍ക്ക് വളരെ മോശം കഥകള്‍ പറയാനുണ്ടാകും, അത് അവര്‍ തന്നെ വെളിപ്പെടുത്തട്ടെ എന്ന കുറിപ്പിനൊപ്പമാണ് ഒരു വര്‍ഷം മുമ്പ് വോഗില്‍ ലൈംഗിക അതിക്രമത്തെക്കുറിച്ച് പേര് പരാമര്‍ശിക്കാതെ എഴുതിയ കുറിപ്പിന്റെ ലിങ്കും പോസ്റ്റ് ചെയ്തിരിക്കുന്നത്.

എനിക്ക് 23 ഉം നിങ്ങള്‍ക്ക് 43 വയസ്സും പ്രായമാണ്. നിങ്ങള്‍ എന്റെ പ്രഫഷണല്‍ ഹീറോകളില്‍ ഒരാളായിരുന്നു. ഇന്ത്യന്‍ ജേര്‍ണലിസത്തെ അടിമുടി മാറ്റിയത് നിങ്ങളാണെന്ന് എല്ലാവരും പറഞ്ഞു. നിങ്ങളുടെ ടീമിന്റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിച്ചു. നിങ്ങള്‍ പതിവായി താമസിക്കാറുള്ള ദക്ഷിണ മുംബൈയിലെ ഹോട്ടലില്‍ ഇന്റര്‍വ്യൂവിനായി എത്താന്‍ പറഞ്ഞു.

അപ്പോള്‍ സമയം രാത്രി ഏഴ് മണി. ആ സമയം എനിക്ക് പ്രശ്‌നമായിരുന്നില്ല. നിങ്ങള്‍ തിരക്കുള്ള എഡിറ്ററാണെന്ന് എനിക്ക് അറിയാമായിരുന്നു. ലോബിയിലെത്തിയപ്പോള്‍ നിങ്ങളെ വീട്ടിലെ ഫോണിലേക്ക് വിളിച്ചു. അകത്തേക്ക് വരാന്‍ നിങ്ങള്‍ പറഞ്ഞു. വേണ്ട ഞാന്‍ ലോബിയില്‍ കാത്തിരിക്കാം ഞരമ്പുരോഗി എന്ന് പറയാനുള്ള ധൈര്യം അന്ന് എനിക്കുണ്ടായില്ല.

മുറിയിലെത്തിയപ്പോള്‍ നിങ്ങള്‍ എനിക്ക് മദ്യം ഓഫര്‍ ചെയ്തു. ഞാന്‍ വിസമ്മതിച്ചു, നിങ്ങള്‍ വോഡ്ക കഴിച്ചു. തുടര്‍ന്ന് ഒരു ചെറിയ മേശയില്‍ നമ്മള്‍ ഇരുന്നു. നിങ്ങള്‍ പഴയ ഹിന്ദി ഗാനങ്ങള്‍ പാടി. ചേര്‍ന്നിരിക്കാന്‍ ആവശ്യപ്പെട്ടു. ഒരുതരത്തില്‍ അവിടെ നിന്ന് ഞാന്‍ രക്ഷപെട്ടു. അതിന് ശേഷം ജേര്‍ണലിസ്റ്റായി നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തു, കുറേമാസക്കാലം നിങ്ങളുടെ കീഴില്‍ ജോലി ചെയ്തു. നിങ്ങള്‍ക്കൊപ്പം ഒരു മുറിയില്‍ ഒറ്റയ്ക്ക് ഒരിക്കലും ഇരിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

എന്തായാലും ബോളിവുഡിനെ ചുട്ടുപ്പൊള്ളിച്ചിരിക്കുന്ന മീടൂ കാംപെയ്ന്‍ മാധ്യമമേഖലയിലും നീറിപ്പുകയുകയാണ്. പഴയ സഹപ്രവര്‍ത്തകയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ പ്രശാന്ത് ഝാ രാജിവച്ചിരുന്നു. മാധ്യമപ്രവര്‍ത്തക സന്ധ്യാമേനോന്‍ ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു എഡിറ്റര്‍ക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ ഇതേ പത്രത്തിലെ റസിഡന്റ് എഡിറ്ററായ കെ.ആര്‍.ശ്രീനിവാസിനെതിരെ ഒന്നിലധികം യുവതികള്‍ രംഗത്തുവന്നു.

ഡി.എന്‍.എ എഡിറ്റര്‍ ഗൗതം അധികാരി സമ്മതമില്ലാതെ ചുംബിച്ചെന്ന് മാധ്യമപ്രവര്‍ത്തക തുറന്നുപറഞ്ഞപ്പോള്‍ സംഭവം ഓര്‍ക്കുന്നില്ലെന്ന് ഗൗതം വ്യക്തമാക്കി. നാനപടേക്കറിനെതിരെ ആരോപണവുമായി നടി തനുശ്രീ ദത്ത രംഗത്തുവന്നതോടെയാണ് ബോളിവുഡില്‍ മീടൂ കത്തിപ്പടര്‍ന്നത്.

ഹാസ്യതാരം ഉത്സവ് ചക്രവര്‍ത്തി, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, നടന്‍ രജത് കപൂര്‍, സംവിധായകന്‍ വികാസ് ബാഹ്ല്! എന്നിവര്‍ക്കും മീടൂവില്‍ കൈപൊള്ളി. ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ചേതന്‍ഭഗതിനെതിരെ യുവതി രംഗത്തുവന്നത്. ഇതോടെ യുവതിയോടും ഭാര്യയോടും ക്ഷമാപണം നടത്തി ചേതന്‍ഭഗത് തടിയൂരി.