കുറ്റാന്വേഷണ പരിപാടിയുടെ അവതാരകയെ ബലാത്സംഗം ചെയ്ത് കൊന്നു

single-img
9 October 2018

യൂറോപ്യന്‍ യൂണിയനിലെ ഫണ്ട് തിരിമറിയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ബള്‍ഗേറിയന്‍ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊന്നു. യുവ മാധ്യമ പ്രവര്‍ത്തകയായ വിക്ടോറിയ മാരിനോവയാണ് (30) കൊല്ലപ്പെട്ടത്. റൂസിലെ ഡനൂബ് പാര്‍ക്കിലാണ് വിക്ടോറിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൊലയ്ക്കു പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. മരിനോവയെ മരിച്ച നിലയില്‍ കണ്ടെത്തിയ പാര്‍ക്കിനു സമീപം ഒരു മാനസികാരോഗ്യകേന്ദ്രമുണ്ടെന്നും അവിടെയുള്ള ഏതെങ്കിലും രോഗിയാണോ ഇതിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നതായും പോലീസ് അറിയിച്ചു.

ലൈഫ്‌സ്‌റ്റൈല്‍ ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്ന മരിനോവ സെപ്റ്റംബറിലാണ് ഡിറ്റക്ടര്‍ എന്ന അന്വേഷണാത്മകപരിപാടി അവതരിപ്പിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ ഈ പരിപാടിയുമായി ബന്ധപ്പെട്ടാണ് കൊല നടന്നതെന്നുറപ്പിക്കാനാവില്ലെന്നും ഇവരുടെ മരണത്തിനു മുമ്പ് പരിപാടിയുടെ ഒരു എപ്പിസോഡ് മാത്രമാണ് പ്രക്ഷേപണം ചെയ്തതെന്നും പോലീസ് അറിയിച്ചു.

തലയ്ക്ക് അടിച്ചും ശ്വാസംമുട്ടിച്ചുമാണ് വിക്ടോറിയയെ കൊലപ്പെടുത്തിയത്. വിക്ടോറിയയുടെ മൊബൈല്‍ ഫോണും കണ്ണടയും കാണാതായി. യൂറോപ്പില്‍ ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാധ്യമപ്രവര്‍ത്തകയാണ് വിക്ടോറിയ. മാധ്യമ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് മാധ്യമലോകത്തിന്റെ അഭിപ്രായം.