10 കോടി ലോട്ടറിയടിച്ചത് അറിഞ്ഞത് 10 മാസത്തിനു ശേഷം; ടിക്കറ്റ് കിട്ടിയത് അലമാരയില്‍ കൂട്ടിയിട്ടിരുന്ന ജീന്‍സില്‍ നിന്ന്

single-img
9 October 2018

പത്തുമാസം മുമ്പ്, കഴിഞ്ഞ ഡിസംബറിലാണ് കാനഡ സ്വദേശിയായ ഗ്രിഗോറിയോ ഡി സാന്റിസ് ലോട്ടറി ടിക്കറ്റെടുത്തത്. എടുത്തപാടെ ലോട്ടറി മടക്കി ജീന്‍സിന്റെ പോക്കറ്റില്‍ ഭദ്രമായി വയ്ക്കുകയും ചെയ്തു. പിന്നീട് ലോട്ടറിയുടെ കാര്യം അദ്ദേഹം മറന്നു.

ഡിസംബര്‍ ആറിന് ഫലപ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ലോട്ടറിയുടെ കാര്യം മറന്നു പോയിരുന്നതിനാല്‍ ഗ്രിഗോറിയോ അത് ശ്രദ്ധിച്ചുമില്ല. നാലു ടിക്കറ്റുകള്‍ക്കായിരുന്നു അന്ന് ഒന്നാം സമ്മാനമടിച്ചത്. 5.4 മില്യന്‍ ഡോളര്‍ (ഏകദേശം നാല്‍പ്പതുകോടിരൂപ) ആയിരുന്നു നാലുടിക്കറ്റുകള്‍ക്കും കൂടിയുള്ള സമ്മാനത്തുക.

1.35 മില്യണ്‍ ഡോളര്‍ (ഏകദേശം 10,03,11,750 രൂപ)യായിരുന്നു ഗ്രിഗോറിയസിന്റെ വിഹിതം. മറ്റു മൂന്നു ടിക്കറ്റുകളുടെ ഉടമകള്‍ സമ്മാനത്തുക കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ നാലാമത്തെ ടിക്കറ്റിന്റെ ഉടമയായ ഗ്രിഗോറിയോ ടിക്കറ്റിന്റെ കാര്യം മറന്നുപോയിരുന്നതിനാല്‍ സമ്മാനത്തുകയില്‍ അവകാശം ഉന്നയിച്ച് അധികൃതരെ സമീപിച്ചില്ല.

അങ്ങനെ വര്‍ഷം ഒന്നു കഴിയാറായി. അപ്പോഴും ഗ്രിഗോറിയോസിന്റെ ജീന്‍സിന്റെ പോക്കറ്റില്‍ ആ ലോട്ടറി ടിക്കറ്റ് സുരക്ഷിതമായുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം ഗ്രിഗോറിയോസിനോട് അദ്ദേഹത്തിന്റെ സഹോദരി വസ്ത്രങ്ങള്‍ ഒതുക്കിവയ്ക്കാനും മിച്ചമുള്ളവ ദാനം ചെയ്യാനും ആവശ്യപ്പെട്ടു.

അങ്ങനെ വസ്ത്രങ്ങള്‍ ഒതുക്കിവയ്ക്കുന്നതിനിടെ ഒരു ജീന്‍സിനുള്ളില്‍നിന്ന് ഒരു ലോട്ടറി ടിക്കറ്റ് ഗ്രിഗോറിയസിന്റെ കയ്യില്‍ തടഞ്ഞു. തുടര്‍ന്ന് ടിക്കറ്റിന് എന്തെങ്കിലും സമ്മാനം അടിച്ചിട്ടുണ്ടോ എന്നറിയാനുള്ള കൗതുകത്തിന് ഗ്രിഗോറിയസ് അതുമായി പുറത്തെത്തി.

തുടര്‍ന്ന് സമീപത്തെ ഒരു കടയിലെ ഡിസ്‌പ്ലേ ബോര്‍ഡില്‍നിന്നാണ് ലോട്ടറിക്ക് സമ്മാനമടിച്ച കാര്യം അറിഞ്ഞതെന്ന് ലോട്ടോ ക്യൂബെക്കിലെ പ്രൊവിന്‍ഷ്യല്‍ ലോട്ടറി കമ്മീഷന്‍ അധികൃതരെ ഉദ്ധരിച്ച് ദ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സമ്മാനത്തു കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് ഗ്രിഗോറിയസ് പറഞ്ഞു.

ലോട്ടോ ക്യൂബിലെ നിയമപ്രകാരം, സമ്മാനമടിച്ച ടിക്കറ്റുകള്‍ക്ക് സമ്മാനത്തുകയില്‍ അവകാശവാദം ഉന്നയിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശമുണ്ട്. ഒരുവര്‍ഷം പൂര്‍ത്തിയാകാന്‍ വെറും രണ്ടുമാസം ബാക്കിയുള്ളപ്പോഴാണ് ഗ്രിഗോറിയസിന് ലോട്ടറി ടിക്കറ്റ് ലഭിക്കുന്നത്.