മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടിച്ചു

single-img
9 October 2018

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടിച്ചതായി ആരോപണം. മോദിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ മോദി സര്‍ക്കാറിനെയും ബി.ജെ.പിയേയും വിമര്‍ശിക്കുന്ന വിവിധ പത്രമാധ്യമങ്ങളിലെ എഡിറ്റര്‍മാരുടെയും റിപ്പോര്‍ട്ടര്‍മാരടക്കമുള്ള നിരവധി മാധ്യമപ്രവര്‍ത്തകരുടെയും അക്കൗണ്ടുകളാണ് മുന്നറിയിപ്പ് നല്‍കുകയോ വ്യക്തമായ കാരണം ബോധിപ്പിക്കുകയോ ചെയ്യാതെ പൂട്ടിയത്.

സുപ്രീംകോടതിയുടെ അയോധ്യ വിധിയുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത് മിനുറ്റുകള്‍ക്കുള്ളില്‍ തന്റെ അക്കൗണ്ട് നിശ്ചലമായെന്ന് മുന്‍ ബി.ബി.സി എഡിറ്ററും നിലവില്‍ ജനതാ കാ റിപ്പോര്‍ട്ടര്‍.കോം എഡിറ്ററുമായ റിഫാത് ജാവേദ് ട്വീറ്റ് ചെയ്തു. മുസ്‌ലിംകള്‍ക്കെതിരെയും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കെതിരെയും ഹിന്ദുത്വവാദികള്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ച് എഴുതിയതോടെ തന്റെ അക്കൗണ്ടും അപ്രത്യക്ഷമായെന്ന് ദ ന്യൂസ് ഇന്റര്‍നാഷണല്‍, അറബ് ന്യൂസ്, ഗള്‍ഫ് ന്യൂസ്, തുടങ്ങി നിരവധി മാധ്യമങ്ങളില്‍ കോളമിസ്റ്റായ ഐജാസ് സെയ്ദ് ട്വീറ്റ് ചെയ്തു.

അജയ്പ്രകാശ്(ന്യൂസ് എഡിറ്റര്‍, ദൈനിക് ഭാസ്‌കര്‍)പ്രേര്‍ണ നേഗി(ജന്‍ജ്വാര്‍.കോം)മുംതാസ് ആലം(കാരവാന്‍)സെയ്ദ് അബ്ബാസ്(കാരവാന്‍), ബോള്‍ട്ട ഹിന്ദുസ്ഥാന്‍.കോം, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരായ വസീംത്യാഗി, സഞ്ജയ് പാണ്ഡെ, എന്നിവരുടെയും അക്കൗണ്ടുകള്‍ ഫേസ്ബുക്ക് പൂട്ടി.

സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിച്ചതിനും മതന്യൂനപക്ഷങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും വിഷയങ്ങള്‍ ഉന്നയിച്ചതിനുമാണ് ഒരു കാരണവും വ്യക്തമാക്കാതെ ഫേസ്ബുക്ക്, അക്കൗണ്ടുകള്‍ തടഞ്ഞതായി കാരവാന്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നത്.