പഴയ ഡീസല്‍ വാഹനങ്ങളുമായി റോഡിലേക്കിറങ്ങരുത്; പണികിട്ടും

single-img
9 October 2018

പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതു തടയാന്‍ കര്‍ശന നടപടികളുമായി ഗതാഗതവകുപ്പ്. ഇതിനായി ബോധവത്കരണം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. ഡല്‍ഹിയിലാണ് ആദ്യം പദ്ധതി തുടങ്ങുന്നത്.
ഇത്തരം വാഹനങ്ങളുള്ളവരുടെ വീടുകളില്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തും.

ഡല്‍ഹിയില്‍ ഇതിനകം 15 വര്‍ഷം പഴക്കമുള്ള രണ്ടു ലക്ഷത്തിലേറെ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായി ഗതാഗതവകുപ്പ് അറിയിച്ചു. ജനവാസ കേന്ദ്രങ്ങളിലെത്തി ബോധവത്കരണം നടത്തി, 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിന് പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.

ആദ്യഘട്ടത്തില്‍ നഗരസഭകളിലെ പഴയ വാഹനങ്ങള്‍ അന്വേഷിച്ചിറങ്ങാനാണ് തീരുമാനം. സ്വകാര്യ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉള്‍പ്പടെ പിടികൂടും. നഗരസഭകളുടെ നിരത്തുകളില്‍ പഴയ വാഹനങ്ങള്‍ കണ്ടാല്‍ പിടിച്ചെടുക്കും. ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍ എന്നിവയെല്ലാം പിടിച്ചെടുക്കാനാണ് തീരുമാനം. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചായിരിക്കും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കണ്ടെത്തുക.