ബസ്സില്‍ തൊട്ടടുത്തിരുന്ന സ്ത്രീ മറ്റൊരു സ്ത്രീയുടെ പഴ്‌സ് മോഷ്ടിക്കുന്നത് ലൈവായി കണ്ടു; പിന്നീട് നടന്നതെല്ലാം സിനിമാക്കഥയെ വെല്ലുന്ന രംഗങ്ങള്‍: ചാലക്കുടി കോളേജിലെ ദേവഗംഗ ഇപ്പോള്‍ നാട്ടിലെ താരമാണ്

single-img
9 October 2018

ചാലക്കുടിയില്‍ ബസ് യാത്രക്കാരുടെ ആഭരണവും പണവും മോഷ്ടിക്കുന്ന തമിഴ് യുവതി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ മധുര ജില്ലയില്‍ താമസിക്കുന്ന എസക്കിയാണ് പിടിയിലായത്. യാത്രക്കാരിയുടെ പണം അപഹരിച്ച ശേഷം ബസില്‍ നിന്ന് മുങ്ങിയ ഇവരെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.

ചാലക്കുടി സ്വാമി വിവേകാനന്ദ കോളജിലെ ബി കോം വിദ്യാര്‍ഥിനിയായ ദേവഗംഗയുടെ ഇടപെടലാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചത്. തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നടന്ന സംഭവത്തെ കുറിച്ച് ദേവഗംഗ പറയുന്നതിങ്ങനെ:

നെല്ലായിയില്‍ നിന്നാണ് ഈ ബസില്‍ കയറിയത്. ഇരിക്കാന്‍ സീറ്റു കിട്ടി. തൊട്ടടുത്തിരിക്കുന്നത് ഒരു ചേച്ചിയാണ്. രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ ഈ ചേച്ചി സീറ്റില്‍ നിന്ന് എണീറ്റു. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാന്‍. എണീക്കുന്നതിനിടെ, മറ്റൊരു സ്ത്രീ സീറ്റിലിരിക്കാന്‍ അടുത്തേയ്ക്കു വന്നു.

ഈ സീറ്റു മാറ്റത്തിനിടെ ഞൊടിയിടയില്‍ ബാഗില്‍ നിന്ന് ആ സ്ത്രീ പഴ്‌സ് മോഷ്ടിക്കുന്നത് കണ്ടു. ജീവിതത്തില്‍ ആദ്യമായി ഒരു മോഷണം നേരില്‍ കണ്ടതിന്റെ പകപ്പിലായിരുന്നു. പഴ്‌സ് ബാഗില്‍ നിന്ന് നഷ്ടപ്പെട്ടതറിയാതെ ആ ചേച്ചി ബസില്‍ നിന്നിറങ്ങി. ഒന്ന് നിലവിളിക്കാന്‍ തോന്നി, ബഹളം വയ്ക്കാന്‍ തോന്നി. ഒന്നിനും കഴിഞ്ഞില്ല.

അത്രയ്ക്കും പേടിച്ചുപോയി. മോഷ്ടാവായ സ്ത്രീ പിന്നെ വന്നിരുന്നത് തൊട്ടടുത്തും. നെഞ്ചിടിപ്പ് കൂടിയ ആ നിമിഷം. ഇനിയെന്ത് ചെയ്യുമെന്ന് മനസില്‍ ആലോചിച്ചു. മോഷ്ടാവായ സ്ത്രീ എന്തു ചെയ്യാനും മടിക്കില്ല. ഈ പേടി ഉള്ളിലുണ്ട്. ഇതിനിടെയാണ്, ഒരു കുട്ടി രണ്ടു പേരുടേയും ഇടയില്‍ വന്നിരുന്നത്. മോഷ്ടാവായ സ്ത്രീയുമായി അല്‍പം അകലം കിട്ടി. കുറച്ചു ധൈര്യം തോന്നി. അപ്പോഴാണ് മനസില്‍ ഒരു ഐഡിയ തോന്നിയത്.

ഫോണില്‍ ഗൂഗിള്‍ സര്‍ച്ച് എടുത്തു. ചാലക്കുടി പൊലീസ് സ്റ്റേഷന്‍ നമ്പര്‍ സെര്‍ച്ച് ചെയ്തു. നമ്പറെടുത്ത് പതുക്കെ ഫോണില്‍ വിളിച്ചു. മോഷ്ടാവായ സ്ത്രീയ്ക്കും എനിക്കും ഇടയില്‍ ഒരു കുട്ടി ഇരിക്കുന്നതിനാല്‍ ഫോണില്‍ സംസാരിച്ചാലും ശ്രദ്ധിക്കില്ലെന്നു കരുതി.

സ്റ്റേഷനില്‍ ഒരു പൊലീസുകാരന്‍ ഫോണെടുത്തു. ”ഞാന്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയാണ് ഇപ്പോള്‍. തൊട്ടടുത്തിരിക്കുന്നത് മോഷ്ടാവായ സ്ത്രീയാണ്. നേരത്തെ, ഒരു യാത്രക്കാരിയുടെ പഴ്‌സ് മോഷ്ടിക്കുന്നത് നേരില്‍ കണ്ടു. ഞാന്‍ ഇപ്പോള്‍ ചാലക്കുടി എത്താറായി.

ഹൈവേയിലേക്ക് എത്താമോ?. എന്റെ ഫോണ്‍ നമ്പര്‍ ഇതാണ്.” ഇത്രയും പറഞ്ഞ ശേഷം ദേവഗംഗ ഫോണ്‍ കട്ട് ചെയ്തു. തൊട്ടടുത്ത നിമിഷം കാണുന്നതാകട്ടെ മോഷ്ടാവായ സ്ത്രീ ബസില്‍ നിന്ന് ഇറങ്ങാന്‍ പോകുന്നു. പിന്നെ, രണ്ടും കല്‍പിച്ച് മോഷ്ടാവിന് പുറകെ ബസില്‍ നിന്നിറങ്ങാന്‍ തീരുമാനിച്ചു.

ബസില്‍ നിന്നിറങ്ങിയ മോഷ്ടാവ് വഴിയരികിലൂടെ നടന്നു. പിന്നാലെ, ഞാനും. ബസ് സ്റ്റോപ്പില്‍ ഇരുന്ന മോഷ്ടാവ് ദേവഗംഗയെ ശ്രദ്ധിച്ചു തുടങ്ങി. ഈ സമയം, പൊലീസുകാര്‍ ദേവഗംഗയുടെ ഫോണില്‍ വിളിച്ചു. ലൊക്കേഷന്‍ പറഞ്ഞു കൊടുത്തു. പൊലീസ് വണ്ടി വന്ന് ദേവഗംഗയുടെ അടുത്തേയ്ക്ക്.

ഈ സമയം പന്തികേടു തോന്നിയ മോഷ്ടാവ് നേരെ അടുത്ത ബസില്‍ കയറി. ദേവഗംഗ പൊലീസിനോട് പറഞ്ഞു ‘സാര്‍ ആ ബസില്‍ മോഷ്ടാവുണ്ട്. വേഗം അതിനു പുറകെ പോകൂ. ഞാനും വരാം നിങ്ങളുടെ കൂടെ..’ ജീവിതത്തില്‍ ആദ്യമായാണ് പൊലീസ് ജീപ്പില്‍ കയറുന്നത്. ബസിനെ മറികടന്ന പൊലീസ് യാത്രക്കാരുടെ ഇടയില്‍ നിന്ന് ആ മോഷ്ടാവിനെ കയ്യോടെ പൊക്കി. നേരത്തെ മോഷ്ടിച്ച പഴ്‌സും കണ്ടെടുത്തു.

മോഷ്ടാവിനെ പിടിച്ച ശേഷം ദേവഗംഗയെ പൊലീസ് തന്നെ സുരക്ഷിതമായി കോളജില്‍ എത്തിച്ചു. അടുത്ത സുഹൃത്തുക്കളോട് മാത്രം പറഞ്ഞിരുന്നു. ‘ഇന്നത്തെ പത്രത്തില്‍ ഫൊട്ടോ സഹിതം വാര്‍ത്ത വന്നതോടെ ഫോണ്‍ വിളി പ്രവാഹമായി. കോളജില്‍ ഇപ്പോള്‍ സൂപ്പര്‍താരമാണ്”.

അതേസമയം ഈ റൂട്ടിലെ സ്ഥിരംയാത്രക്കാരിയായ സ്ത്രീയുടെ പഴ്‌സാണ് പ്രതി മോഷ്ടിച്ചതെന്ന് പോലീസ് കണ്ടെത്തി. പതിവായി യാത്രചെയ്തിരുന്ന ബസ് കിട്ടാതിരുന്നതിനാല്‍ പകരം കയറിയ ബസിലാണ് സംഭവം നടന്നത്. നിറയെ യാത്രക്കാരുള്ളതിനാല്‍ യുവതിക്ക് ഇരിക്കാന്‍ സീറ്റ്‌ലഭിച്ചിരുന്നില്ല.

ഇതും ബസിലെ തിരക്കും മുതലെടുത്താണ് ഇവരുടെ ഹാന്‍ഡ്ബാഗില്‍നിന്നും നാലായിരത്തോളം രൂപയും വിവിധ തിരിച്ചറിയല്‍ കാര്‍ഡുകളുമടങ്ങിയ പഴ്‌സ് തമിഴ്‌സ്ത്രീ തന്ത്രപരമായി മോഷ്ടിച്ചത്. ചാലക്കുടിയിലെത്തി ബസില്‍നിന്നുമിറങ്ങാന്‍നേരം ബാഗ് തുറന്നുകിടക്കുന്നത് കണ്ട യുവതി പരിശോധിച്ചപ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ടകാര്യം അറിഞ്ഞത്.

ഉടന്‍ സ്റ്റേഷനിലെത്തി പരാതിനല്‍കി. ചാലക്കുടി എസ്.എച്ച്.ഒ. ഇന്‍സ്‌പെക്ടര്‍ ജെ.മാത്യുവിന്റെ നേതൃത്വത്തില്‍ എസ് ഐയും സംഘവും ഇവരെ തിരഞ്ഞ് പുറത്തിറങ്ങിയ സമയത്താണ് യുവതിയെപ്പറ്റി സൂചന നല്‍കി വിദ്യാര്‍ഥിനിയുടെ ഫോണ്‍ വിളിയെത്തിയത്. കോടതിയില്‍ ഹാജരാക്കിയ തമിഴ്‌സ്ത്രീയെ റിമാന്റ് ചെയ്തു. ദേവഗംഗയെപ്പോലെ കൂടുതല്‍പേര്‍ പൊലീസിന് വിവരങ്ങള്‍ കൈമാറിയെങ്കില്‍ നന്നായിരുന്നുവെന്ന് സിഐ ജെ.മാത്യു പറഞ്ഞു.