Kerala

‘ഞാന്‍ ബഷീറാണ്, അഞ്ചുടിയിലെ സവാദിനെ കൊന്നയാള്‍’: ഒരു കൂസലുമില്ലാതെ ഗള്‍ഫില്‍ നിന്ന് നേരെ പോലീസ് സ്‌റ്റേഷനില്‍ കയറിവന്ന പ്രതിയെ കണ്ട് പോലീസുകാര്‍ അമ്പരന്നു

മത്സ്യത്തൊഴിലാളിയായ അഞ്ചുടിയില്‍ സവാദിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സൗജത്തിന്റെ സുഹൃത്തും പ്രധാന പ്രതിയുമായ ബഷീര്‍ പൊലീസില്‍ കീഴടങ്ങിയത് അതിനാടകീയമായി. കൊലപാതകത്തിനു ശേഷം ഷാര്‍ജയിലേക്കു കടന്ന ഇയാള്‍ ഇന്നലെ രാവിലെ താനൂര്‍ പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.

ദുബായില്‍നിന്ന് മംഗളൂരുവില്‍ എത്തി അവിടെനിന്ന് കാര്‍ വാടകയ്‌ക്കെടുത്താണ് നാട്ടിലെത്തിയത്. ക്ലീന്‍ ഷേവില്‍ രാവിലെ പൊലീസ് സ്റ്റേഷനില്‍ കയറിവന്ന ബഷീറിനെ ഒറ്റനോട്ടത്തില്‍ പൊലീസിനു മനസ്സിലായില്ല. ‘ഞാന്‍ ബഷീറാണ്, സവാദിനെ കൊന്ന…’ എന്നു സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് പൊലീസിന് ആളെ പിടികിട്ടിയത്.

ഒട്ടും പരിഭ്രമമില്ലാതെയായിരുന്നു വരവ്. മാധ്യമസംഘത്തിനു മുന്നിലും പതറാതെ ബഷീര്‍ സംഭവങ്ങള്‍ വിവരിച്ചു. ബഷീര്‍ കീഴടങ്ങിയതറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കും തെളിവെടുപ്പിനും കൊണ്ടുപോകാന്‍ പോലും പൊലീസ് ഏറെ ബുദ്ധിമുട്ടി.

ബഷീറുമായി നാലുവര്‍ഷം മുമ്പാണ് സൗജത്ത് അടുപ്പത്തിലാകുന്നത്. മൊബൈല്‍ഫോണിലൂടെ ആരംഭിച്ച ബന്ധം അതിരുവിട്ടതോടെ ഇതിനെചൊല്ലി വീട്ടിലും പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് സവാദും കുടുംബവും രണ്ടുവര്‍ഷം മുമ്പ് ഓമച്ചപ്പുഴയിലെ വാടകവീട്ടിലേക്ക് താമസംമാറി.

എന്നാല്‍ സൗജത്ത് ബഷീറുമായുള്ള ബന്ധം തുടരുകയും ഇതേചൊല്ലി സവാദുമായി ഇടക്കിടെ വഴക്കിടുകയുമുണ്ടായി. ഇതോടെയാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ സൗജത്തും കാമുകന്‍ ബഷീറും തീരുമാനമെടുത്തത്. മൂന്നുമാസം മുമ്പ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയെങ്കിലും സവാദ് ഇത് കഴിച്ചില്ല.

മറ്റൊരു ദിവസം രാത്രിയില്‍ കൊല നടത്താനുള്ള ശ്രമവും പരാജയപ്പെട്ടു. പിന്നീടാണ് കൃത്യമായ ആസൂത്രണത്തോടെ കൊല നടത്താന്‍ ബഷീര്‍ രണ്ടു ദിവസത്തെ അവധിക്കു വിദേശത്തു നിന്ന് എത്തിയത്. ബഷീറിന് ഭാര്യയും മൂന്ന് മക്കളും ഉണ്ട്. ഇവരെ പോലും അറിയിക്കാതെയാണ് സവാദിനെ കൊലപ്പെടുത്താന്‍ ഇയാള്‍ ഷാര്‍ജയില്‍ നിന്നെത്തിയത്.

ഒക്ടോബര്‍ രണ്ടിന് രാത്രി ലോഡ്ജില്‍ തങ്ങിയ ബഷീര്‍ ഒക്ടോബര്‍ മൂന്നിന് സൗജത്തിനെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും നഗരത്തില്‍ ചുറ്റിയടിച്ചു. ലോഡ്ജ് മുറിയില്‍ മണിക്കൂറുകള്‍ ചിലവഴിക്കുകയും ചെയ്തു. ഇവിടെയാണ് കൊലപാതക ഗൂഢാലോചന നടന്നത്.

ബുധനാഴ്ച വൈകീട്ട് സൗജത്തിനെ ചെമ്മാട് കൊണ്ടുവന്നാക്കിയശേഷം ബഷീര്‍ തിരികെ കോഴിക്കോട്ടേക്ക് മടങ്ങി. തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടെ സഹായി സൂഫിയാനോടൊപ്പം ഓമച്ചപ്പുഴയിലേക്ക്. വൈദ്യുതിയില്ലാത്തതിനാല്‍ രാത്രി സവാദും മകളും സിറ്റൗട്ടിലാണ് ഉറങ്ങാന്‍കിടന്നിരുന്നത്. ഈ സമയം സൗജത്ത് അകത്തെ മുറിയിലിരുന്ന് ബഷീറുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

ബഷീര്‍ എത്തിയതോടെ വീടിന്റെ വാതില്‍ തുറന്നുനല്‍കിയതും സൗജത്താണ്. തടിക്കഷണവുമായി വീട്ടിലെത്തിയ ബഷീര്‍ സവാദിന്റെ തലയ്ക്കടിച്ചശേഷം കടന്നുകളഞ്ഞു. കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി.

ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ കൃത്യം നടത്തിയതിനു ശേഷം സവാദിനെ കാണാനില്ലെന്നു കാണിച്ച് പൊലീസില്‍ പരാതി നല്‍കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ സവാദിനൊപ്പം വരാന്തയില്‍ ഉറങ്ങി കിടന്ന മകള്‍ സവാദിന്റെ തലക്കടിക്കുന്ന ശബ്ദം കേട്ട് ഉണരുകയായിരുന്നു. രണ്ടു തവണയാണ് മരകഷണം കൊണ്ട് സവാദിന്റെ തലക്കടിച്ചത്.

തുടര്‍ന്ന് സിറ്റൗട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന് ജീവനുണ്ടെന്ന് കണ്ട സൗജത്ത് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് മരണംഉറപ്പുവരുത്തി. ഇതിനുശേഷമാണ് അയല്‍വാസികളെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് അന്നുതന്നെ ഇവരുടെ മൊഴിയെടുത്തിരുന്നു.

വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നിട്ടത് കുട്ടികള്‍ക്കു മൂത്രമൊഴിക്കാന്‍ പോകാനാണെന്നാണ് സൗജത്ത് പൊലീസിനോടു പറഞ്ഞത്. ഇതില്‍ സംശയം ശക്തമായി. നാട്ടുകാരുടെ സംശയവും പൊലീസിനെ ചോദ്യം ചെയ്യലിന് പ്രേരിപ്പിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരുണ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ബഷീറിനൊപ്പം താമസിക്കാന്‍ വേണ്ടിയാണു കൊലപാതകം നടത്തിയതെന്ന് സൗജത്ത് മൊഴി നല്‍കി. ഒരു വര്‍ഷം നീണ്ട ഗൂഢാലോചനയ്ക്കു ശേഷമാണ് കൊല ചെയ്തതെന്നും അവര്‍ പറഞ്ഞു. കേസില്‍ സവാദിന്റെ ഭാര്യ സൗജത്തിനെയും പ്രതിയായ കോളേജ് വിദ്യാര്‍ത്ഥി സുഫിയാനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം കുറ്റകൃത്യത്തില്‍ സുഫിയാന് നേരിട്ടു പങ്കില്ലെന്നാണ് പൊലീസ് നിഗമനം. കാമുകിയെ കാണാന്‍ വന്നതാണെന്നാണ് തന്നോട് അറിയിച്ചതെന്നും മടക്കയാത്രയിലാണ് കൊലപാതക വിവരം പറഞ്ഞതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. മംഗളുരുവില്‍ വിമാനം ഇറങ്ങിയ ബഷീര്‍ കാസര്‍കോട്ടു നിന്നാണ് അയല്‍വാസിയായ സൂഫിയാനെ കൂടെ കൂട്ടിയത്. ബഷീറിന്റെ നിര്‍ദ്ദേശപ്രകാരമാണ് സൂഫിയാന്‍ കാര്‍ ഒളിപ്പിച്ചത്. സൂഫിയാനെയും കൂട്ടി ബഷീര്‍ സഞ്ചരിച്ച വാഹനം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.