ദീപിക പദുക്കോണിന്റെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത സൂരജ് പാല്‍ അമുവിനെ ബിജെപി തിരിച്ചെടുത്തു

single-img
9 October 2018

പത്മാവദ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ ദീപിക പദുക്കോണിന്റെ തലവെട്ടാന്‍ ആഹ്വാനം ചെയ്ത സുരാജ് പാല്‍ അമു വീണ്ടും ബിജെപിയിലേക്ക് തിരിച്ചെത്തുന്നു. രാജിക്കത്ത് സ്വീകരിക്കാന്‍ തയ്യാറാകാതെ പാര്‍ട്ടി വീണ്ടും അമുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

പാര്‍ട്ടിയിലേക്ക് വീണ്ടും ക്ഷണം ലഭിച്ചതോടെ തനിക്ക് വീട്ടിലേക്ക് തിരികെ എത്തുന്ന പോലെയാണ് തോന്നുന്നത് എന്നാണ് അമു പറഞ്ഞത്. ഹരിയാന യൂണിറ്റിലെ പാര്‍ട്ടിയുടെ വിവിധ സ്ഥാനങ്ങളില്‍ നിന്നും താന്‍ രാജിവച്ചിരുന്നു. എന്നാല്‍ ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ ബരാള അതൊക്കെ തള്ളിക്കളഞ്ഞതായും അമു പറഞ്ഞു.

30 വര്‍ഷത്തോളമായി പാര്‍ട്ടിയുടെ വിവിധ സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ എട്ട് മാസമായി വളരെ കഷ്ടപ്പെട്ടാണ് പാര്‍ട്ടിയില്‍ നിന്നും വിട്ട് നിന്നത്. എന്നാല്‍ ഈ സമയത്ത് വിവിധ സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ വീട്ടില്‍ തിരിച്ചെത്തുന്നതുപോലെയാണ് തനിക്ക് തോന്നുന്നതെന്നും സൂരജ് പാല്‍ അമു പറഞ്ഞു.

ദീപിക പദുക്കോണിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പ്രതിഫലമായി നല്‍കും എന്നായിരുന്നു അമുവിന്റെ പ്രസ്താവന. ഇതിന്റെ പേരില്‍ അമുവിന് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് മീഡിയ കോഡിനേറ്റര്‍ സ്ഥാനം ഉള്‍പ്പടെയുള്ളവ അമു രാജിവച്ചത്.