Latest News

അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ ചികിത്സക്കിടെ യുവതി മരിച്ചത് ഡോക്ടര്‍മാരുടെ അനാസ്ഥമൂലം: ആശുപത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഭര്‍ത്താവ്

ചികിത്സാ പിഴവ് മൂലം രോഗി മരിക്കാനിടയായ സംഭവത്തില്‍ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്ത്. ദീര്‍ഘകാലമായി കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊട്ടാരക്കര ഇഞ്ചക്കാട് കൈലാസത്തില്‍ മഹേഷിന്റെ ഭാര്യ സബിത(34) ആണ് മരിച്ചത്.

ചികിത്സയുടെ ഭാഗമായി നടത്തിയ ശസ്ത്രക്രിയയിലെ പിഴവ് മൂലം സബിതയുടെ നില ഗുരുതരമാകുകയായിരുന്നു. തുടര്‍ന്ന് എസ്‌യുടി ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും സെപ്റ്റംബര്‍ 27നു യുവതി മരണത്തിനു കീഴടങ്ങി. ലൈഫ് ലൈന്‍ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ നില ഗുരുതരമായിട്ടും ഇക്കാര്യം മറച്ചുവെച്ചതാണ് ജീവന്‍ നഷ്ടമാവാന്‍ കാരണമെന്ന് ഭര്‍ത്താവിന്റെ കുടുംബം ആരോപിക്കുന്നു.

വിവാഹം കഴിഞ്ഞ് ദീര്‍ഘനാളായിട്ടും കുട്ടികളില്ലാത്തതിനെത്തുടര്‍ന്നാണ് മഹേഷ് സബിത ദമ്പതികള്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം രണ്ടുപേര്‍ക്കും പ്രായം മുപ്പതിനു മുകളിലായതിനാല്‍ കൃത്രിമ ബീജ സങ്കലനം (In vtiro fertilisation -IVF) വഴി ഗര്‍ഭധാരണം ആകാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ഇവര്‍ അതിനു തയ്യാറായില്ല. തുടര്‍ന്ന് സ്‌കാന്‍ ചെയ്തപ്പോഴാണ് സബിതയുടെ ഉദരത്തില്‍ തരിതരിയായി മുഴകള്‍ ഉളളതായി കാണപ്പെട്ടത്. ഇതിന് താക്കോല്‍ ദ്വാര ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ആദ്യത്തെ ശസ്ത്രക്രിയ മാറ്റിവെയ്ക്കുന്നു

സബിതയെ ശസ്തക്രിയയ്ക്കായി ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചകഴിഞ്ഞ് വീട്ടുകാരെ തന്റെ മുറിയിലേയ്ക്ക് വിളിച്ച ഡോക്ടര്‍ സിറിയക് പാപ്പച്ചന്‍, സബിതയുടെ വയറ്റില്‍ കുടലിനോട് ചേര്‍ന്ന് ഒരു വലിയ മുഴ ഉള്ളതിനാല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും ഒരു എം ആര്‍ ഐ സ്‌കാന്‍ കൂടി ചെയ്ത ശേഷം ഈ മുഴയും കൂടി ചേര്‍ത്ത് നീക്കം ചെയ്യാമെന്നും അറിയിച്ചു.

തുടര്‍ന്ന് താക്കോല്‍ ദ്വാര ശസ്ത്രക്രിയയ്ക്കായി ഉണ്ടാക്കിയ മുറിവ് തുന്നിക്കെട്ടി അവരെ തിരിച്ചയയ്ക്കുകയും ചെയ്തു. പൂര്‍ത്തിയാക്കാത്ത ഈ ശസ്ത്രക്രിയയ്ക്ക് സബിതയുടെ വീട്ടുകാരില്‍ നിന്നും 52,000 രൂപ ഈടാക്കുകയും ചെയ്തു. ‘പിറ്റേ ദിവസം എം ആര്‍ ഐ സ്‌കാന്‍ ചെയ്യണമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ സബിതയുടെ ശസ്ത്രക്രിയ ചെയ്ത മുറിവില്‍ അവര്‍ തുന്നലിനു പകരം ലോഹം കൊണ്ടുള്ള ക്ലിപ്പ് പോലെ ഒരു സംവിധാനമായിരുന്നു ഇട്ടിരുന്നത്.

എം ആര്‍ ഐ എടുക്കുന്ന സമയത്ത് ലോഹവസ്തുക്കള്‍ ദേഹത്തുണ്ടാകുന്നത് വലിയ അപകടമുണ്ടാക്കും. ഇതു ഞാന്‍ ലാബില്‍ വിളിച്ചുചോദിക്കുകയും ചെയ്തു. ഇക്കാര്യം ഞാന്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഡോക്ടര്‍ അത് നഴ്‌സുമാരെക്കൊണ്ട് നീക്കം ചെയ്യിച്ചത്. ഇത്തരത്തിലുള്ള അനാസ്ഥകള്‍ ആദ്യം മുതലേ ഉണ്ടായിരുന്നു.’ സബിതയുടെ ഭര്‍ത്താവ് മഹേഷ് പറയുന്നു.

എം ആര്‍ ഐ സ്‌കാനിംഗില്‍ ഏതാണ്ട് പത്ത് സെന്റിമീറ്റര്‍ വലിപ്പമുള്ള മുഴയാണ് കണ്ടെത്തിയത്. അണ്ഡാശയക്കുഴലിലെ സിസ്റ്റും ഈ മുഴയും ഒരുമിച്ച് നീക്കം ചെയ്യാന്‍ വേണ്ടിയാണ് രണ്ടാമത്തെ താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്തിയത്. ആദ്യത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചപോലും തികയുന്നതിനു മുന്നേ അടുത്ത ശസ്ത്രക്രിയയ്ക്കുള്ള തീയതി നിശ്ചയിച്ചെന്നും മഹേഷ് പറയുന്നു.

രണ്ടാമത്തെ ശത്രക്രിയ നടക്കുന്നതിനു മുന്നേ മലേഷ്യയില്‍ ടൂളിംഗ് വിഭാഗത്തില്‍ ജോലി നോക്കുന്ന മഹേഷിന് തിരിച്ച് പോകേണ്ടി വന്നു. എന്നാല്‍ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടു ദിവസമായിട്ടും രോഗിയെ കാണാന്‍ അനുവദിക്കാതെയിരുന്നത് സംശയത്തിനിടയാക്കിയെന്ന് മഹേഷിന്റെ പിതാവ് ശശിധരന്‍ നായര്‍ പറയുന്നു. പിന്നീട് നിര്‍ബ്ബന്ധമായും കാണണമെന്ന് പറഞ്ഞപ്പോഴാണ് തനിക്ക് മരുമകളെ കാണാന്‍ കഴിഞ്ഞത്.

ഐ സിയുവിനുള്ളില്‍ വച്ച് കാണുമ്പോള്‍ സബിതയുടെ വയര്‍ ഗര്‍ഭിണികളുടേത് പോലെ വീര്‍ത്തിരിക്കുകയായിരുന്നുവെന്ന് ശശിധരന്‍ നായര്‍ പറഞ്ഞു. തനിക്ക് വേദനയും അസ്വാസ്ഥ്യവും ഉള്ളതായി സബിത തന്നോട് പറഞ്ഞെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ഇതിനെക്കുറിച്ച് നഴ്‌സുമാരോട് ചോദിച്ചപ്പോള്‍ ഗ്യാസ് ട്രബിള്‍ ആകുമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ രാത്രിയില്‍ ചില സ്‌കാനിംഗും മറ്റും നടത്തിയ ആശുപത്രി അധികൃതര്‍ രാവിലെ തന്നെ സബിതയെ പട്ടം എസ് യു ടി ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

‘രാവിലെ ഒരു നഴ്‌സ് റൂമില്‍ വന്നു തട്ടിവിളിച്ച് ഞങ്ങളെ താഴെക്കൊണ്ടുവരുമ്പോഴേയ്ക്കും അവര്‍ സബിതയെ ഐസിയു സൗകര്യമുള്ള ഒരു ആംബുലന്‍സില്‍ കയറ്റിയിരുന്നു. കൂടെ ഒരു ഡോക്ടറും രണ്ട് നഴ്‌സുമാരും ഉണ്ടായിരുന്നു. അവര്‍ അവിടെ എല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും ചെന്നാല്‍ മതിയെന്നും പാപ്പച്ചന്‍ ഡോക്ടര്‍ ഞങ്ങളോട് പറഞ്ഞു.’ ശശിധരന്‍ നായര്‍ പറയുന്നു.

എസ് യു ടി ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം അവര്‍ സബിതയെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ലൈഫ് ലൈന്‍ ആശുപത്രിയില്‍ വെച്ച് നടത്തിയ താക്കോല്‍ ദ്വാര ശസ്ത്രക്രിയയില്‍ സബിതയുടെ കുടലില്‍ ഒരു ദ്വാരമുണ്ടായെന്നും ഈ ദ്വാരം പിന്നീട് വലുതായി കുടലിലെ മലവും ഭക്ഷണവും കലര്‍ന്ന വെള്ളം വയറിനുള്ളിലേയ്ക്ക് ഒഴുകുകയും ചെയ്‌തെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി.

മാലിന്യം കലര്‍ന്ന വെള്ളം നെഞ്ചു ഭാഗം വരെ നിറഞ്ഞ് തലച്ചോറ് ഒഴികെയുള്ള മറ്റു നാലു പ്രധാന ആന്തരികാവയവങ്ങ (ഹൃദയം, ശ്വാസകോശം, കരള്‍, വൃക്ക)ളിലും അണുബാധയുണ്ടായെന്നും രക്ഷപ്പെടാനുള്ള സാധ്യത വെറും പത്തുശതമാനം മാത്രമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായും മഹേഷ് പറയുന്നു. പന്തണ്ട് മണിക്കൂര്‍ എങ്കിലും മുന്നേ കൊണ്ടുവന്നെങ്കില്‍ രോഗിയെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

ശസ്ത്രക്രിയയിലൂടെ എസ് യു ടിയിലെ ഡൊക്ടര്‍മാര്‍ ഈ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഇതോടെ സബിതയുടെ സ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് ഓരോ ദിവസവും നില വഷളായി വന്നു. ഒടുവില്‍ ഹൃദയം നേരാം വണ്ണം പ്രവര്‍ത്തിക്കാതെ വന്നപ്പോള്‍ രക്തം പുറത്തെടുത്ത് ഓക്‌സിജന്‍ കയറ്റി തിരിച്ചുവിടുന്ന എക്‌മൊ മഷീന്‍ (Etxracorporeal membrane oxygenation -ECMO) കൊച്ചിയില്‍ നിന്നും വരുത്തി. മൂന്നുലക്ഷം രൂപ വാടക നല്‍കിയാണ് ഈ മഷീന്‍ കൊണ്ടുവന്നത്. എന്നാല്‍ അതിന്റെ അടുത്ത ദിവസം ദിവസങ്ങള്‍ നീണ്ട യാതനകളും വേദനകളും വെടിഞ്ഞ് സബിത ജീവിതത്തോട് വിടപറഞ്ഞു.

എസ് യു ടി ആശുപത്രിയിലെ ചികിത്സയ്ക്ക് മാത്രം ചിലവായത് എക്‌മോ മഷീനിന്റെ വാടകയടക്കം എട്ടുലക്ഷം രൂപയാണ്. എങ്കിലും സബിതയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തതിന്റെ ദുഃഖത്തിലാണ് വീട്ടുകാര്‍. തന്റെ ഭാര്യയ്ക്ക് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കാന്‍ പാടില്ലെന്നാണ് തന്റെ നിലപാടെന്ന് മഹേഷ് പറയുന്നു. ലൈഫ് ലൈന്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ കൊണ്ട് മാത്രമാണ് തന്റെ ഭാര്യയ്ക്ക് ജീവന്‍ നഷ്ടമായത്. അതു തെളിയിക്കുവാനുള്ള എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്നും മഹേഷ് പറയുന്നു.

ഈ സംഭവം വിവാദമായതിനു ശേഷം ഈ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥ കൊണ്ടും ചൂഷണശ്രമം കൊണ്ടും ജീവന്‍ അപകടത്തിലായ നിരവധി രോഗികളും അവരുടെ ബന്ധുക്കളും തന്നെ ബന്ധപ്പെട്ടതായും മഹേഷ് അവകാശപ്പെടുന്നു. ഇത്തരത്തില്‍ രോഗികളുടെ ജീവന്‍ തുലാസിലാടുന്ന സാഹചര്യങ്ങള്‍ ഈ ആശുപത്രിയില്‍ സ്ഥിരമാണെന്നും മഹേഷ് ആരോപിക്കുന്നു.

സബിതയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമേ ചികിത്സാപ്പിഴവാണോ എന്ന് നിശ്ചയിക്കാനാകുകയുള്ളൂവെന്നാണ് അടൂര്‍ പൊലീസിന്റെ നിലപാട്. നിലവില്‍ ക്രിമിനല്‍ നടപടിക്രമത്തിലെ 174ആം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്.

ഇത്തരം മുഴകള്‍ നീക്കം ചെയ്യുമ്പോള്‍ കുടലില്‍ മുറിവുണ്ടാകുന്നത് സ്വാഭാവികമാണെന്നും ചില രോഗികളില്‍ ഇത്തരം മുറിവുകള്‍ ഉണങ്ങാനുള്ള കാലതാമസം ചില അപകടങ്ങള്‍ വരുത്തുമെന്നുമാണ് ലൈഫ് ലൈന്‍ ആശുപത്രിയിലെ ഡോക്ടര്‍ സിറിയക് പാപ്പച്ചന്‍ പറയുന്നത്. എന്നാല്‍ സബിതയ്ക്ക് അസ്വാസ്ഥ്യം തോന്നിത്തുടങ്ങിയപ്പോള്‍ത്തന്നെ എന്തുകൊണ്ട് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയില്ല എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് സാധിച്ചില്ല.