വയനാട്ടില്‍ മൂന്നുപേരെ കൊന്നത് ആളുമാറി; മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയയാള്‍ പിടിയില്‍; നാടിനെ നടുക്കും ക്രൂരത ഇങ്ങനെ

single-img
8 October 2018

വെള്ളമുണ്ട കൊച്ചാറയിലെ മൂന്ന് പേരുടെ മരണത്തിനിടയായ മദ്യദുരന്തം ആസൂത്രിതമായി സൃഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ മാനന്തവാടി സ്വദേശിയും സ്വര്‍ണപ്പണിക്കാരനുമായ പ്രതി സന്തോഷിനെ സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് (എസ്.എം.എസ്) വിഭാഗം ഡി.വൈ.എസ്.പി കുബേരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം അറസ്റ്റ് ചെയ്തു.

സുഹൃത്തിനെ കൊല്ലാനായി വിഷം കലര്‍ത്തി നല്‍കിയ മദ്യമാണ് മൂന്ന് പേരുടെ കൊലപാതകത്തിന് കാരണമായതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഇയാള്‍ അടുത്ത സുഹൃത്തായ സജിത്തിനെ കൊലപ്പെടുത്താനായി മദ്യത്തില്‍ പൊട്ടാസ്യം സയനേഡ് കലര്‍ത്തി നല്‍കിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

സന്തോഷിന്റെ ഭാര്യയുമായി സജിത്തിന് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെ കൊലപ്പെടുത്താനായി സന്തോഷ് തീരുമാനിച്ചത്. ഇടക്കിടെ സന്തോഷിന്റെ കയ്യില്‍ നിന്ന് മദ്യം വാങ്ങി കഴിക്കുന്ന ശീലം സജിത്തിനുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സന്തോഷില്‍ നിന്ന് വാങ്ങിവച്ച മദ്യം മകളുടെ പേടി മാറ്റാനായി ഒരു പൂജക്ക് പോകുന്ന സമയത്ത് പൂജാരിക്ക് കൊടുക്കാനായി കയ്യില്‍ കരുതുകയായിരുന്നു.

ഇത്തരത്തില്‍ വാരമ്പറ്റയിലെ തികിനായി എന്ന പൂജാരിയുടെ അടുത്ത് മകളുമായി ഇയാള്‍ എത്തുകയും പൂജക്ക് ശേഷം മദ്യം പൂജാരിയായ തികിനായിക്ക് നല്‍കുകയും ചെയ്തു. പൂജക്ക് ശേഷം തികിനായി അല്‍പം മദ്യം കഴിക്കുകയും ഉടന്‍തന്നെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

എന്നാല്‍ അപ്പോള്‍ മദ്യം കഴിച്ചത് മൂലമാണ് ഇയാള്‍ മരണപ്പെട്ടത് എന്ന് ബന്ധുക്കള്‍ക്ക് മനസ്സിലായില്ല. പ്രായാധിക്യം മൂലമോ മറ്റ് അസുഖം മൂലമോ ഇയാള്‍ മരിച്ചു എന്നാണ് എല്ലാവരും കരുതിയിരുന്നത്. പിന്നീട് അന്ന് രാത്രി മകന്‍ പ്രമോദും ബന്ധുവായ പ്രസാദും ഈ കുപ്പിയില്‍ ബാക്കിയുണ്ടായിരുന്ന മദ്യം കഴിക്കുകയായിരുന്നു.

കഴിച്ച ഉടനെ ഇവരും കുഴഞ്ഞുവീണു മരിച്ചു. അപ്പോഴാണ് മദ്യമാണ് ഇവരുടെ മരണകാരണമെന്ന് ബന്ധുക്കള്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മരണപ്പെട്ട മൂന്ന് പേരുടേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മദ്യം കോഴിക്കോട്ടെ ലാബില്‍ നടത്തിയ പരിശോധനയിലും പൊട്ടാസ്യം സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കൊലപാതക സാധ്യതയിലേക്ക് പൊലീസ് അന്വേഷണം തിരിയുന്നത്.

തികിലാനിക്ക് മദ്യം എത്തിച്ചു കൊടുത്ത സജിത്തിനെ ആദ്യം അറസ്റ്റ് ചെയ്ത പൊലീസ് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കിയ സന്തോഷിനേയും കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

വിഷം കലര്‍ത്തിയ മദ്യം കഴിക്കാന്‍ പ്രസാദിനും പ്രമോദിനും ഒപ്പം മറ്റൊരു ബന്ധു കൂടി വന്നിരുന്നുവെങ്കിലും ഇവര്‍ ഇദ്ദേഹത്തോട് കഴിക്കരുതെന്ന് ആവശ്യപ്പെട്ടതിനാല്‍ അയാള്‍ രക്ഷപ്പെടുകയായിരുന്നു. മാനന്തവാടി ഡി.വൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ അന്വേഷിച്ചുവന്നിരുന്ന കേസ് പട്ടികജാതിപട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളാണെന്ന് കണ്ടെത്തി എസ്.എം.എസ് വിഭാഗത്തിന് കൈമാറുകയായിരുന്നു.