രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ച് വാണി വിശ്വനാഥ്; ടിഡിപി സ്ഥാനാര്‍ഥിയാകും

single-img
8 October 2018

രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ച് നടി വാണി വിശ്വനാഥ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഡിപി സ്ഥാനാര്‍ഥിയായി ആന്ധ്രാ പ്രദേശില്‍ മത്സരിക്കുമെന്ന് നടി പറഞ്ഞു. രാഷ്ട്രീയസ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് വാണി അറിയിച്ചു.

ടിഡിപിയില്‍ സജീവമായിരുന്ന നടി റോജ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്കു മാറിയതാണ് വാണി വിശ്വനാഥിന്റെ രാഷ്ട്രീയ പ്രവേശത്തിന് കളമൊരുക്കിയതെന്നാണു സൂചന. നഗരി മണ്ഡലത്തില്‍നിന്നാകും വാണി ജനവിധി തേടുക. ഈ മണ്ഡലത്തില്‍ റോജയാകും എതിരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ടിഡിപിക്കായി പ്രചാരണത്തിനിറങ്ങുമെന്നും വാണി വ്യക്തമാക്കി. എന്‍.ടി. രാമറാവുവിന്റെ നായികയായി അഭിനയിച്ചവരില്‍ ജീവിച്ചിരിക്കുന്നതു വാണി വിശ്വനാഥ് മാത്രമാണ്. ഇവരെ പ്രചാരണരംഗത്ത് ഇറക്കിയാല്‍ കൂടുതല്‍ വോട്ടുകള്‍ നേടാനാവുമെന്നാണ് ടിഡിപിയുടെ വിലയിരുത്തല്‍.

തെലുങ്കു സിനിമയില്‍ തിളങ്ങിനിന്ന വാണി തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും പരിചിത മുഖമാണ്. 1992 ല്‍ പുറത്തിറങ്ങിയ ‘സാമ്രാട്ട് അശോക’ എന്ന ചിത്രത്തില്‍ അശോകചക്രവര്‍ത്തിയായി എന്‍ടിആര്‍ കിരീടമണിഞ്ഞപ്പോള്‍ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്.

തമിഴ്‌നാടിന്റെയും ആന്ധ്രയുടെയും അതിര്‍ത്തി പ്രദേശമാണ് നഗരി. തമിഴ്, തെലുങ്ക്, മലയാളം സംസാരിക്കുന്നവരാണ് ഇവിടെയുള്ളത്. മൂന്നു വിഭാഗക്കാര്‍ക്കും വാണി സുപരിചിതയായതിനാല്‍ വോട്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് ടിഡിപി കരുതുന്നത്.