താനൂരിലെ ഗൃഹനാഥന്റെ കൊലപാതകം: പ്രവാസി സംഘടനകളുടെ നാടകീയ നീക്കത്തില്‍ ഗള്‍ഫിലേക്കു കടന്ന പ്രതി കീഴടങ്ങി

single-img
8 October 2018

താനൂരില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസില്‍ താനൂര്‍ ഓമറ്റപ്പുഴ സ്വദേശി ബഷീര്‍ (40) കീഴടങ്ങി. താനൂര്‍ അഞ്ചുടിയില്‍ മല്‍സ്യത്തൊഴിലാളിയായ പൗറകത്ത് സവാദ് (40) ആണ് കൊല്ലപ്പെട്ടത്. സവാദിന്റെ ഭാര്യ സൗജത്ത് (27), സഹായി സുഫിയാന്‍ (21) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകത്തിനുശേഷം ബഷീര്‍ ദുബായിലേക്കു കടന്നിരുന്നു. ഇയാളെ തിരിച്ചെത്തിക്കാന്‍ നടപടി തുടങ്ങിയതായി പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിരന്തരം പ്രചരണങ്ങള്‍ വന്നതോടെ ബഷീറിന് ഷാര്‍ജയില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

ജോലി സ്ഥലത്തേക്കും എത്താന്‍ പറ്റിയിരുന്നില്ല. പ്രവാസി സംഘടനകള്‍ ഇയാളെ പിടികൂടുന്നതിന് വ്യാപക പ്രചാരണങ്ങളും നടത്തി. തുടര്‍ന്ന് ബന്ധുക്കളുടെ തന്നെ സഹായത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു. ഷാര്‍ജയില്‍നിന്നു ചെന്നൈ വിമാനത്താവളത്തിലെത്തിയ ബഷീര്‍ അവിടെനിന്നു ട്രെയിനില്‍ താനൂരിലെത്തി സിഐ മുന്‍പാകെ കീഴടങ്ങുകയായിരുന്നു.

ബഷീറിനൊപ്പം ജീവിക്കാനാണു സവാദിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് സൗജത്ത് പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. രണ്ടു ദിവസം മുമ്പാണ് താനൂര്‍ തെയ്യാല മണലിപ്പുഴയില്‍ താമസിക്കുന്ന പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദിനെ ഭാര്യയും സുഹൃത്തായ ബഷീറും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

സവാദിനെ കൊലപ്പെടുത്താനായി ബഷീര്‍ മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിലെത്തുകയായിരുന്നു. ഉറങ്ങികിടന്ന സവാദിനെ ബഷീര്‍ തലക്കടിക്കുകയും മരണം ഉറപ്പിക്കാനായി സൗജത്ത് കഴുത്ത് കത്തിക്കൊണ്ട് മുറിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ബഷീര്‍ മംഗലാപുരം വഴിയാണ് വിദേശത്തേക്ക് കടന്നത്.