ഗുജറാത്തിനെ ദക്ഷിണ കൊറിയയെപ്പോലെ ആക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തലുമായി മോദി

single-img
8 October 2018

2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ ഗുജറാത്തിനെ ദക്ഷിണ കൊറിയയെപ്പോലെയാക്കാന്‍ ആഗ്രഹിച്ചിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെറാഡൂണില്‍ ഉത്തരാഖണ്ഡ് ഇന്‍വെസ്‌റ്റേഴ്‌സ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു മോദി. നമ്മുടെ സംസ്ഥാനങ്ങള്‍ ലോകത്തെ പല രാജ്യങ്ങളേക്കാളും ശക്തമാണ്.

പല ചെറുരാഷ്ട്രങ്ങളേക്കാളും വളരാനുള്ള കെല്‍പ്പുണ്ട് നമ്മുടെ ചില സംസ്ഥാനങ്ങള്‍ക്ക്. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ആ ഒരു ചിന്തയാണ് തനിക്കും ഉണ്ടായിരുന്നത്. ഗവര്‍ണ്‍മെന്റ് എന്താണെന്നോ അതിന്റെ പ്രവര്‍ത്തനരീതി എങ്ങനെയാണെന്നോ അന്ന് തനിക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല.

എന്നെ കാണാനെത്തിയ ഒരു മാധ്യമപ്രവര്‍ത്തകനോട് എന്തായിരിക്കും ലക്ഷ്യം എന്നു ചോദിച്ചപ്പോള്‍ ദക്ഷിണകൊറിയയെ പോലെ ഗുജറാത്തിനെ മാറ്റിയെടുക്കലാണെന്നാണ് ഞാന്‍ പറഞ്ഞത്. മാധ്യമപ്രവര്‍ത്തകന് ഒന്നും മനസ്സിലായില്ല. ഗുജറാത്തും ദക്ഷിണകൊറിയയും തമ്മില്‍ ജനസംഖ്യയിലുള്ള സാമ്യത പറഞ്ഞുകൊടുത്തു.

താനത് സൂക്ഷ്മമായി പഠിച്ചുവെന്നും അതേ ദിശയില്‍ മുന്നോട്ട് നീങ്ങിയാല്‍ നമുക്ക് ഒരുപാട് മുന്നേറാമെന്നും താന്‍ അന്ന് പറഞ്ഞു. രാജ്യത്തെ വ്യവസായ സൗഹൃദമാക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്തെ നികുതി സംവിധാനം നാം പരിഷ്‌കരിച്ചു കഴിഞ്ഞു.

നികുതി സംവിധാനം കൂടുതല്‍ വേഗതയുള്ളതും സുതാര്യവുമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ബാങ്കിങ് സംവിധാനവും ശക്തിപ്പെടുകയാണ്. കഴിവ്, നയം, പ്രവര്‍ത്തനം എന്നിവയാണ് പുരോഗതിയിലേക്കുള്ള ഉറവിടങ്ങള്‍. സര്‍ക്കാര്‍ 400 റെയില്‍വേ സ്‌റ്റേഷനുകള്‍ ആധുനികവത്കരിക്കാന്‍ പോകുകയാണ്.

പുതിയ 100 വിമാനത്താവളങ്ങളും ഹെലിപ്പാടുകളും ഉടന്‍ നിര്‍മിക്കും. ആരോഗ്യ രംഗത്ത് വലിയ നിക്ഷേപത്തിനുള്ള സാധ്യത ഒരുക്കുകയാണ് ആയുഷ്മാന്‍ ഭാരത് യോജന എന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്ക്കരി, പിയൂഷ് ഗോയല്‍, രവി ശങ്കര്‍ പ്രസാദ് എന്നിവരും പരിപാടിയില്‍ സംസാരിച്ചു.