‘ആ ട്രോഫി ഖലീലിന് പിടിക്കാന്‍ കൊടുക്കണം’: ഏഷ്യാകപ്പിലെ സമ്മാനദാന ചടങ്ങിനിടെ ധോണി രോഹിതിനോട് പറഞ്ഞു

single-img
8 October 2018

പുതുതായി ടീമിലെത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ ധോണി മുന്നില്‍ തന്നെയാണെന്ന് പല താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇടംകയ്യന്‍ ബൗളര്‍ ഖലീല്‍ അഹ്മദ് തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ്. ഏഷ്യാകപ്പിലെ സമ്മാനദാന ചടങ്ങ് പുരോഗമിക്കുന്നതിനിടെ ധോണി നായകന്‍ രോഹിത് ശര്‍മ്മയുടെ അടുത്തെത്തി പറഞ്ഞു.

ഖലീല്‍ അഹ്മദിന് ട്രോഫി പിടിക്കാന്‍ കൊടുക്കണമെന്ന്, ടീമിലെ പ്രായം കുറഞ്ഞ കളിക്കാരനെന്ന നിലയ്ക്കാണ് ധോണി അക്കാര്യം രോഹിതിനോട് ആവശ്യപ്പെട്ടത്. ധോണി പറഞ്ഞത് പോലത്തന്നെ രോഹിത് ചെയ്തു. ധോണി അക്കാര്യം രോഹിതിനോട് പറയുന്ന സമയത്ത് അല്‍ഭുതപ്പെട്ടു, എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല, വൈകാരികമായൊരു നിമിഷമായിരുന്നു അത്, ജീവിതത്തിലൊരിക്കലും മറക്കില്ലെന്നും ഖലീല്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏഷ്യാകപ്പില്‍ രണ്ട് മത്സരങ്ങളെ ഖലീലിന് കളിക്കാനായുള്ളൂ. അഫ്ഗാനിസ്താനെതിരെയും ഹോങ്കോങിനെതിരെയും. ഇതില്‍ ഹോങ്കോങ്ങിനെതിരെ ആയിരുന്നു 20കാരനായ ഖലീലിന്റെ അരങ്ങേറ്റം. 48 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും രാജസ്ഥാന്‍കാരനായ ഈ ഇടംകയ്യന്‍ ബൗളര്‍ സ്വന്തമാക്കിയിരുന്നു.