Health & Fitness

സെക്‌സിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ അറിയാമോ ?

തിരക്കു പിടിച്ച ജീവിതസാഹചര്യങ്ങളില്‍ ദമ്പതികളെ ഏറ്റവും അലട്ടുന്ന പ്രശ്‌നമാണ് ലൈംഗികജീവിതത്തിലെ താളപ്പിഴകള്‍. പക്ഷേ ആരോഗ്യകരമായ ഒരു ബന്ധത്തില്‍ ലൈംഗികത പ്രധാനമാണ്. ലൈംഗികത ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒരു വ്യക്തിയെ ചെറുപ്പമായി തോന്നിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

നിയോ ജി എന്ന സ്ഥാപനം നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കല്‍, അവധി ദിവസങ്ങളിലെ ഔട്ടിങ്, പങ്കാളിയോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കുക ഇതെല്ലാം ചെറുപ്പമാകാന്‍ സഹായിക്കും. അന്‍പതും അതില്‍ കൂടുതലും പ്രായമുള്ളവര്‍ വര്‍ഷത്തില്‍ നാലു തവണയെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും 16 തവണ വ്യായാമം ചെയ്യുകയും ജോലിയില്‍നിന്നു ചെറിയ അവധി എടുക്കുകയും ചെയ്യുന്നത് ചെറുപ്പമായി തോന്നാന്‍ സഹായിക്കുമെന്നും സര്‍വേ ഫലം പറയുന്നു.

ഇതോടൊപ്പം ലൈംഗികത മനുഷ്യന് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടി നല്‍കുന്നുവെന്നാണ് കലിഫോര്‍ണിയയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ ഷേറി റോസ് പറയുന്നത്. ശരീരത്തിലെ കാലറി കത്തിച്ചു കളയുന്നതില്‍ തുടങ്ങി പ്രതിരോധശേഷി കൂട്ടാന്‍ വരെ സെക്‌സ് സഹായിക്കുമെന്നാണ് ഇവര്‍ പറയുന്നത്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ തടയാനുള്ള വേദനസംഹാരി കൂടിയാകുന്നു ലൈംഗികത.

കുബെക് സര്‍വകലാശാലയിലെ പഠന പ്രകാരം ഒരു സ്ത്രീ 25 മിനിറ്റ് സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ 69.1 കാലറിയാണ് ശരീരത്തില്‍ നിന്നും പുറംതള്ളുന്നത്. ഇന്ത്യാന സര്‍വകലാശാലയിലെ പഠനപ്രകാരം സന്തോഷകരമായ ലൈംഗികജീവിതം നയിക്കുന്ന സ്ത്രീകളില്‍ പ്രതിരോധശേഷി കൂടുതലായിരിക്കും.

പ്രസവത്തിനു ശേഷം സ്ത്രീകളില്‍ യോനീപേശികള്‍ക്ക് മുറുക്കക്കുറവു ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ യോനീപേശികളെ ബലപ്പെടുത്താന്‍ സഹായകമാകുന്ന വ്യായാമങ്ങള്‍ സെക്‌സുമായി സംയോജിപ്പിച്ചാല്‍ വളരെ ഫലപ്രദമാണെന്ന് ഡോക്ടര്‍ ഷേറി പറയുന്നു.

രതിമൂര്‍ച്ച സമയത്ത് ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന എന്‍ഡോര്‍ഫിനുകളും ഹോര്‍മോണുകളും നല്ല ഉറക്കത്തിനു സഹായിക്കുന്നു. സ്ഥിരമായി സന്തുഷ്ട ലൈംഗികജീവിതം നയിക്കുന്ന സ്ത്രീകള്‍ക്ക് അണ്ഡം ഉത്പാദിപ്പിക്കുന്ന സമയം അല്ലെങ്കില്‍ പോലും ഗര്‍ഭപാത്രത്തില്‍ അണ്ഡം വളരാനുള്ള അന്തരീക്ഷം ഉണ്ടാക്കുന്നു. ഇത് ഗര്‍ഭിണിയാകാന്‍ ഏറെ സഹായകമാണെന്ന് മറ്റു ചില പഠനങ്ങളില്‍ പറയുന്നു.

സെക്‌സും മാനസികാരോഗ്യവും തമ്മില്‍ അഭേദ്യബന്ധമുണ്ട്. സെക്‌സ് ഓക്‌സിടോക്‌സിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കുഡില്‍ ഹോര്‍മോണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ഹോര്‍മോണ്‍ സ്‌ട്രെസ് കുറച്ച് ഉന്മേഷം നല്‍കാന്‍ സഹായകമാണ്.