സെക്രട്ടേറിയറ്റിലേക്ക് ലോങ്മാര്‍ച്ചുമായി ബിജെപി

single-img
8 October 2018

ശബരിമല സ്ത്രീപ്രവേശനത്തില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഒക്ടോബര്‍ 10ന് തുടങ്ങുന്ന മാര്‍ച്ച് 15ന് സെക്രട്ടേറിയറ്റിലാണ് അവസാനിക്കുക. ശബരിമല സംരക്ഷണ യാത്രയെന്ന പേരിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

അയ്യപ്പന്റെ ജന്മസ്ഥാനത്തുനിന്നായിരിക്കും യാത്ര തുടങ്ങുക. ശബരിമല വിഷയത്തിലെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഹിന്ദു മത വിശ്വാസികളെ ഭിന്നിപ്പിച്ചതായി ശ്രീധരന്‍ പിള്ള ആരോപിച്ചു. രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. ഹിന്ദുക്കളെ പല തട്ടിലാക്കിക്കൊണ്ടുള്ള അടിച്ചമര്‍ത്തല്‍ രാഷ്ട്രീയമാണു മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്.

ശബരിമലയെ തകര്‍ക്കുന്നതാണു മുഖ്യമന്ത്രിയുടെ നിലപാട്. സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നു ബിജെപിയും എന്‍ഡിഎയും ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാനാകില്ല. കേരളത്തിലെ ക്ഷേത്രങ്ങളിലെ പ്രവേശനം സംബന്ധിച്ച നിയമത്തിലെ വകുപ്പാണ് സുപ്രീം കോടതി റദ്ദാക്കിയത്.

അത് സംസ്ഥാന വിഷയമാണ്. അതിന്മേല്‍ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സാധിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന രമേശ് ചെന്നിത്തലയേപ്പോലുള്ളവര്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജെല്ലിക്കെട്ട് വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിന്‍സ് കൊണ്ടുവന്നത് അത് കേന്ദ്രത്തിന്റെ കീഴില്‍ വരുന്ന വിഷയത്തിലുള്‍പ്പെടുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ സമൂദായ നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

അവരുടെ വിശ്വാസം മൗലികാവകാശമാണ്. അത് സംരക്ഷിക്കാന്‍ വേണ്ടിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. സംഘപരിവാര്‍ സംഘടനയായ ക്ഷേത്ര സംരക്ഷണ സമിതിയും അയ്യപ്പ സേവാസമാജവും റിവ്യൂ പെറ്റീഷന്‍ നല്‍കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.