അമേരിക്ക പിറക്കും മുമ്പേയുള്ള രാജ്യമാണ് സൗദി: ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സൗദി കിരീടാവകാശി

single-img
7 October 2018

അമേരിക്ക പിറക്കും മുമ്പേയുള്ള രാജ്യമാണ് സൗദി അറേബ്യയെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. യു.എസിന്റെ സഹായമില്ലെങ്കിൽ സൗദി രാജാവ് രണ്ടാഴ്ചയിൽ കൂടുതൽ ഭരണത്തിലുണ്ടാവില്ലെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍.

യു.എസ്. ഉണ്ടാവുന്നതിന് മുമ്പുതന്നെ സൗദി അറേബ്യ എന്ന രാജ്യം നിലവിലുണ്ടെന്ന് ഓർക്കണമെന്ന് ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് പറഞ്ഞു. 1744-ലാണ് സൗദി അറേബ്യ രൂപവത്കരിക്കപ്പെട്ടത്. യു.എസ്. ഉണ്ടാവുന്നതിനും മുപ്പതുവർഷം മുമ്പാണത്. യു.എസിൽ ഒബാമ പ്രസിഡന്റായിരുന്ന എട്ടുവർഷം സൗദിയുടെ താത്‌പര്യങ്ങൾക്ക് വിരുദ്ധമായി മധ്യപൂർവേഷ്യയിൽ യു.എസ്. ചില നയങ്ങൾ നടപ്പിലാക്കി.

പലതും സൗദിയുടെ താത്പര്യങ്ങൾക്ക് എതിരായിരുന്നു. യു.എസ്. നയങ്ങൾ എതിരായിരുന്നുവെങ്കിലും സൗദിയെ സംരക്ഷിക്കാൻ ഞങ്ങൾക്കായി. അതിന്റെ ഫലങ്ങളാണ് ഞങ്ങൾ ഇപ്പോഴും പിന്തുടരുന്നത്. ഒബാമയുടെ കീഴിൽ യു.എസിന്റെ പല നീക്കങ്ങളും പരാജയപ്പെട്ടു. ഈജിപ്ത് അതിന് ഉദാഹരണമാണ് -മുഹമ്മദ് ബിൻ സൽമാൻ ഓർമിപ്പിച്ചു.

സൗദിയുടെ താത്പര്യങ്ങൾക്ക് എതിരായി അമേരിക്ക പ്രവർത്തിച്ചാലും ഞങ്ങളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാൻ ഞങ്ങൾക്ക് കഴിയും. അമേരിക്കയുമായി ഇതുവരെയുള്ള ചിത്രം പരിശോധിക്കുമ്പോള്‍ ഇപ്പോഴത്തെ പ്രസ്താവന ഒഴികെ 99 ശതമാനവും നല്ല കാര്യങ്ങളാണ്. തീവ്രവാദത്തെ നേരിടാന്‍ ട്രംപിന്റെ സഹായം ഗുണകരമായിട്ടുണ്ടെന്നും കിരീടാവകാശി പറഞ്ഞു.