വി.എസ്. അച്യുതാനന്ദന്‍റെ സഹോദര ഭാര്യയ്ക്ക് പ്രളയ ദുരിതാശ്വാസം ലഭിച്ചില്ല; 10,000 രൂപയ്ക്കായി അഞ്ചുവട്ടം വില്ലേജ് ഓഫിസും ബാങ്കും കയറിയിറങ്ങി സരോജിനി

single-img
7 October 2018

ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ സഹോദര ഭാര്യ ദുരിതാശ്വാസ തുകയ്ക്കായി നടന്നത് അഞ്ച് തവണ. വില്ലേജ് ഓഫീസും ബാങ്കും കയറിയിറങ്ങിയിട്ടും സരോജിനിക്ക് ഇതുവരെ പ്രളയ ദുരിതാശ്വാസമായ 10,000 രൂപ ലഭിച്ചിട്ടില്ല. വിഎസിന്റെ സഹോദരന്‍ പരേതനായ വി.എസ് പുരുഷോത്തമന്റെ ഭാര്യയാണ് പുന്നപ്ര പറവൂര്‍ അശോക് ഭവനിലെ സരോജിനി.

പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയപ്പോഴും ഇവര്‍ക്ക് എങ്ങോട്ടും പോകാനായില്ല. വെള്ളപ്പൊക്കത്തിന്റെ ദിവസങ്ങളില്‍ മക്കളോടൊപ്പം വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ തുക ലഭിച്ചാല്‍ കുറച്ചെങ്കിലും ആശ്വാസമാകുമായിരുന്നുവെന്ന് സരോജിനി പറയുന്നു. ഇന്നലെയും ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ തുക എത്തിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി.

കഴിഞ്ഞ നാലു തവണയും ഇതേ മറുപടിയാണ് സരോജിനിക്ക് ലഭിച്ചത്. ഓരോ പ്രാവശ്യവും അടുത്ത തവണ തുക കിട്ടുമെന്ന ആശ്വാസ വാക്കിലാണ് ഇവര്‍ മടങ്ങുന്നത്. ഇന്നലെയും പറവൂര്‍ വില്ലേജ് ഓഫീസിന്റെയും കാനറ ബാങ്ക് ശാഖയുടെയും പടി കയറിയെങ്കിലും ദുരിതാശ്വാസ തുക സരോജിനിക്ക് ലഭിച്ചില്ല.

സെപ്റ്റംബര്‍ 18നാണ് പ്രളയക്കെടുതിക്കിരയായ കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കുന്നത് പൂര്‍ത്തിയായെന്ന് റവന്യു വകുപ്പ് അവകാശപ്പെട്ടത്. അഞ്ചര ലക്ഷം പേര്‍ക്ക് സഹായം കൈമാറിയെന്നാണ് അറിയിച്ചത്.