ആന്‍ഡ്രോയിഡ് ഉപയോക്താക്കൾ സൂക്ഷിക്കുക: പുതിയ വൈറസ് പ്രചരിക്കുന്നു; വ്യക്തിഗത വിവരങ്ങൾ ചോരും

single-img
7 October 2018

ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയായി പുതിയ വൈറസ്. ഓണ്‍മി(OwnMe) എന്ന വൈറസാണ് ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ചങ്കിടിപ്പ് കൂട്ടിക്കൊണ്ട് അതിവേഗത്തില്‍ പ്രചരിക്കുന്നത്. വാട്‌സ്ആപ്പിനെയാണ് ഓണ്‍മി ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നാണ് വൈറസിനെ കണ്ടെത്തിയ ആന്റി വൈറസ് കമ്പനി പറയുന്നത്.

ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് ഈ വൈറസ് ഫോണിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളിലാണ് ഈ വൈറസിന്റെ കണ്ണ്. വാട്‌സ്ആപ്പ് വഴിയുള്ള ചാറ്റ് വിവരങ്ങളും ചിത്രങ്ങളും വീഡിയോകളുമാണ് ഓണ്‍ മീ ചോര്‍ത്തിയെടുക്കുന്നത്. ഇതിനൊപ്പം കോള്‍ ഹിസ്റ്ററിയും മെസേജ് ഹിസ്റ്ററിയും ബ്രൗസിംങ് ഹിസ്റ്ററിയും ഓണ്‍ മീ സ്വന്തമാക്കും.

നമ്മുടെ ഫോണിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് സ്വന്തം സര്‍വറിലേക്ക് ഈ വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നതാണ് ഓണ്‍മീയുടെ രീതി. ഇപ്പോഴും ഓണ്‍ മീയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. അതുകൊണ്ടു തന്നെ സംശയം തോന്നുന്ന ഒരു ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യരുതെന്നാണ് സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം.