വിദേശ രാജ്യങ്ങളിൽ പരമ്പരക്ക് പോകുമ്പോൾ ഭാര്യമാരെ ഒപ്പം കൊണ്ടു പോകാൻ ക്രിക്കറ്റ് ടീം അംഗങ്ങളെ അനുവദിക്കണമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ബി.സി.സി.ഐക്ക് അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോഹ്ലിയുടെ ആവശ്യം ടീം മാനേജ്മെൻറ് ബി.സി.സി.ഐ ഭരണസമിതിയെ അറിയിച്ചുവെന്നാണ് വിവരം.
ആഴ്ചകൾക്ക് മുമ്പാണ് ബി.സി.സി.ഐയെ കോഹ്‌ലി ഇക്കാര്യം അറിയിച്ചത്. വിദേശരാജ്യങ്ങളിൽ പരമ്പരക്ക് പോകുമ്പോൾ കോഹ്ലിയെ ഭാര്യ അനുഷ്ക ശർമ്മ അനുഗമിക്കാറുണ്ട്. ഇതേപോലെ മറ്റ് അംഗങ്ങൾക്കും അവരുടെ ഭാര്യമാരെ കൊണ്ടു പോകാൻ അനുവദിക്കണമെന്നാണ് കോഹ്ലിയുടെ ആവശ്യം. അതേസമയം, ബി.സി.സി.ഐയുടെ പുതിയ ഭരണസമിതി സ്ഥാനമേൽക്കുന്നത് വരെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകില്ലെന്നാണ് വിവരം.