മന്‍മോഹന്‍ സിങ്ങിനെ കടന്നാക്രമിച്ച് അമിത് ഷാ;സോണിയ ഗാന്ധി എഴുതി നല്‍കിയിരുന്ന പ്രസംഗങ്ങളുമായാണ് മന്‍മോഹന്‍ സിങ് വിദേശയാത്രയ്ക്ക് പോയത്

single-img
7 October 2018

രത്‌ലം:മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ വിദേശയാത്രയ്ക്ക് പോയത് യുപിഎ അധ്യക്ഷയായ സോണിയ ഗാന്ധി എഴുതിനല്‍കിയിരുന്ന പ്രസംഗങ്ങളുമായിട്ടാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.മധ്യപ്രദേശില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷായുടെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം വിദേശയാത്ര നടത്തുന്നതിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് മന്‍മോഹന്‍ സിങ്ങിനെ കടന്നാക്രമിച്ച് അമിത് ഷാ രംഗത്തുവന്നത്.

മൗനി ബാബയായ മന്‍മോഹന്‍ സിങ്ങും ധാരാളം വിദേശയാത്രനടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് നല്‍കിയിട്ടുള്ള കുറേ പേപ്പറുകളുമായി വിദേശത്തേക്ക് പോകും. എന്നിട്ട് അവിടെ അത് വായിച്ചതിന് ശേഷം തിരികെപ്പോരും. ഒരവസരത്തില്‍ മലേഷ്യയില്‍ വായിക്കേണ്ട പ്രസംഗം തായ്‌ലാന്‍ഡിലും അവിടെ വായിക്കേണ്ടത് മലേഷ്യയിലും വായിച്ചുവെന്നും അമിത് ഷാ പരിഹസിച്ചു.