ഇലക്ഷന്‍ കമ്മിഷനും മേലുള്ള “സൂപ്പര്‍ ഇലക്ഷന്‍ കമ്മീഷന്‍”;“മോദിയുടെറാലിയില്‍ കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിച്ചു”

single-img
7 October 2018

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിക്കാനായാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. 12.30ന് വാര്‍ത്താസമ്മേളനം നടത്താന്‍ തീരുമാനിച്ച് പിന്നീട് മൂന്നു മണിയിലേക്ക് നീട്ടുകയായിരുന്നു.

അജ്‌മേറില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് ഒരു മണിക്കു പ്രസംഗിക്കുന്നുണ്ടായിരുന്നു. ഇതോടൊപ്പമായിരുന്നു കര്‍ഷകരെ പാട്ടിലാക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും എത്തിയത്. രാജസ്ഥാനിലെ അജ്‌മേറില്‍ നടന്ന ബിജെപി റാലിയില്‍, കര്‍ഷകര്‍ക്കു സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നായിരുന്നു മുഖ്യമന്ത്രി വസുന്ധര രാജെയുടെ പ്രഖ്യാപാനം.

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് ഈ പ്രഖ്യാപനം നടത്താന്‍ സാധിക്കില്ലായിരുന്നു. വാർത്താസമ്മേളനം നീട്ടിയത് മോദിയുടെ രാജസ്ഥാനിലെ റാലിക്കുവേണ്ടിയാണെന്നാണ് കോൺഗ്രസ് ആരോപണം.

വസുന്ധരാ രാജെയുടെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് രാജസ്ഥാന്‍ സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും രംഗത്തെത്തി.തെരഞ്ഞെടുപ്പ് ദിവസം പ്രഖ്യാപിക്കുന്നതിന് അരമണിക്കുറിന് മുന്‍പാണ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചത്. ഇത് നിങ്ങള്‍ അഞ്ചു വര്‍ഷമായും ഓര്‍ത്തില്ലേ എന്ന് സച്ചിന്‍ പൈലറ്റ് ചോദിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് ഈ പ്രഖ്യാപനം നടത്താന്‍ സാധിക്കില്ലായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

ഇതാദ്യമായല്ല കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ കയ്യിലെ പാവയായാണ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.