ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 16 സീറ്റ് കിട്ടുമെന്ന് എബിപി സി വോട്ടര്‍ സര്‍വെ: ബിജെപി അക്കൗണ്ട് തുറക്കില്ല

single-img
6 October 2018

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 സീറ്റുകളില്‍ 16 ഇടത്തും യുഡിഎഫ് വിജയിക്കുമെന്ന് എബിപി സി വോട്ടര്‍ സര്‍വെ. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയില്ല. നാല് സീറ്റാണ് എല്‍ഡിഎഫിന് സാധ്യത പറയുന്നത്. അതേസമയം ഇപ്പോഴത്തെ സഖ്യങ്ങള്‍ അതേ പോലെ തുടര്‍ന്നാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തില്‍ എത്തുമെന്നാണ് സര്‍വെ പറയുന്നത്.

543 ലോക്‌സഭാ സീറ്റുകളില്‍ 38 ശതമാനം വോട്ട് നേടി എന്‍ഡിഎ 276 സീറ്റുകള്‍ നേടുമെന്നാണ് സര്‍വെ പറയുന്നത്. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യുപിഎക്ക് 25 ശതമാനം വോട്ടും 112 സീറ്റും കിട്ടുമെന്ന് സര്‍വെ പ്രവചിക്കുന്നു. മറ്റ് കക്ഷികളെല്ലാം കൂടി 37 ശതമാനം വോട്ട് നേടി 155 സീറ്റുകള്‍ ലഭിച്ചേക്കുമെന്നും സര്‍വെ പറയുന്നു.

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി മേല്‍ക്കൈ നിലനിര്‍ത്തുമെങ്കിലും ദക്ഷിണേന്ത്യയില്‍ വലിയ പ്രതീക്ഷയ്ക്ക് വകയില്ലെന്ന് സര്‍വെ പറയുന്നു. തമിഴ്‌നാട്ടില്‍ ആകെയുള്ള 40 സീറ്റുകളില്‍ 28 ഇടത്തും ഡിഎംകെയ്ക്ക് സര്‍വെ സാധ്യത കല്‍പിക്കുന്നു.

ഭരണകക്ഷിയായ എഐഡിഎംകെ ഒമ്പത് സീറ്റിലേക്ക് ചുരുങ്ങും. ബിജെപിക്ക് രണ്ടിടത്ത് വിജയം പ്രവചിക്കുന്നു. കര്‍ണാടകത്തില്‍ ജെഡിഎസ്‌കോണ്‍ഗ്രസ് സഖ്യം അല്ലാതെ ഒറ്റയ്ക്ക ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ചാല്‍ ആകെയുള്ള 28 സീറ്റില്‍ ബിജെപി 18 ഇടത്തും കോണ്‍ഗ്രസ് ഏഴിടത്തും വിജയിച്ചേക്കാം. ജെഡിഎസിന് സാധ്യതയുള്ളത് മൂന്നിടത്താണ്.

മധ്യപ്രദേശിലും ചത്തീസ്ഗഢിലും രാജസ്ഥാനിലും എന്‍ഡിഎ മേധാവിത്വം നിലനിര്‍ത്തും. ചത്തീസ്ഗഢില്‍ 11 ല്‍ ഒമ്പതും മധ്യപ്രദേശില്‍ 29 ല്‍ 23 സീറ്റും എന്‍ഡിഎക്കെന്നാണ് പ്രവചനം. ഡല്‍ഹിയില്‍ ഏഴ് സീറ്റും ബിജെപി നേടുമെന്നാണ് സര്‍വെ ഫലം.

ഹരിയാണയിലും ഒഡീഷയിലും കൂടുതല്‍ നേട്ടമുണ്ടാക്കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഏറക്കുറേ തൂത്തുവാരും. ഹരിയാണയില്‍ എന്‍ഡിഎക്ക് ആറ് യുപിഎക്ക് മൂന്നു സീറ്റുമാണ് പ്രവചനം. 21 സീറ്റില്‍ 13 സീറ്റുമായി ഒഡീഷയില്‍ ബിജെപി അപ്രതീക്ഷിത നേട്ടമുണ്ടാക്കുമെന്നാണ് സര്‍വെയിലുള്ളത്.

അതേ സമയം പഞ്ചാബിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കും. പഞ്ചാബ് ഒരു സീറ്റ് ഒഴിച്ച് എല്ലാം യുപിഎ നേടും. യുപിയില്‍ മഹാസഖ്യമുണ്ടാക്കാന്‍ യുപിഎക്ക് കഴിഞ്ഞാല്‍ പകുതിയില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയും.

എസ്പിയും ബിഎസ്പിയുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. മഹാസഖ്യം യാഥാര്‍ഥ്യമായാല്‍ യുപിയില്‍ ഈ സഖ്യത്തിന് 56 സീറ്റുകളെ വരെ ലഭിച്ചേക്കാം. അങ്ങനെയെങ്കില്‍ എന്‍ഡിഎ 24 സീറ്റിലേക്ക് ചുരുങ്ങും.

ബിഹാറില്‍ ഇപ്പോഴത്തെ എന്‍ഡിഎ സംവിധാനം അതേ പോലെ തുടര്‍ന്നാല്‍ കൂടുതല്‍ സീറ്റ് നേടാന്‍ കഴിയും. എന്നാല്‍ അവിടെയും മഹാസഖ്യം രൂപപ്പെട്ടാല്‍ അവര്‍ക്കായിരിക്കും മേല്‍ക്കൈ. മഹാരാഷ് ടയില്‍ എന്‍സിപിയുമായി സഖ്യം ഉണ്ടാക്കുക കോണ്‍ഗ്രസിന് മഹാരാഷ് ട്രയില്‍ നിര്‍ണായകമാകുമെന്നും സര്‍വെ പറയുന്നു.

യുപിയും കോണ്‍ഗ്രസും സഖ്യമായി മത്സരിക്കുകയും ബിജെപിയും ശിവസേനയും വെവ്വേറെ മത്സരിക്കുകയും ചെയ്താല്‍ യുപിഎക്ക് 30 ഉം എന്‍ഡിഎക്ക് 16 ഉം ശിവസേനയ്ക്ക് രണ്ടുമാണ് സാധ്യത പറയുന്നത്. രണ്ട് മുന്നണികളായി മത്സരം വന്നാല്‍ എന്‍ഡിഎക്ക് 36 ഉം യുപിഎക്ക് 12 ഉം സീറ്റ് കിട്ടിയേക്കാം.

സര്‍വെയില്‍ പങ്കെടുത്തവരില്‍ 47 ശതമാനം പേരും മോദി സര്‍ക്കാരിന് വീണ്ടും അവസരം നല്‍കരുതെന്ന നിലപാടുകാരായിരുന്നു. ജനപ്രീതിയില്‍ ആറ് ശതമാനത്തിന്റെ ഇടിവുണ്ടെങ്കിലും സര്‍വെയില്‍ പങ്കെടുത്ത 69 ശതമാനം പേരും മോദിയെ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചു. അതേ സമയം കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച രാഹുലിന്റെ സ്വീകാര്യത ആറ് ശതമാനം വര്‍ധിച്ച് 28 ശതമാനമായി.