വിജയ് ചിത്രം ‘സര്‍ക്കാര്‍’ പ്രതിസന്ധിയില്‍

single-img
6 October 2018

വിജയ് ചിത്രം ‘സര്‍ക്കാര്‍’ റിലീസിന് മുന്‍പേ ഓണ്‍ലൈന്‍. സര്‍ക്കാരിലെ ഗാനങ്ങളാണ് ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് ഓണ്‍ലൈനില്‍ ചോര്‍ന്നത്. തമിഴ്‌റോക്കേഴ്‌സാണ് ഇതിനകം ഹിറ്റായ ഗാനങ്ങള്‍ വ്യാജമായി പുറത്തിറക്കിയത്. ചിത്രത്തിലെ രണ്ട് പാട്ടുകളുടെ ലിറിക്‌സ് വീഡിയോ ഇതിനകം പുറത്തുവിട്ടിരുന്നു. ചോര്‍ച്ചയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പൈറസി സൈറ്റുകള്‍ പൂട്ടിച്ചു.

എന്നാല്‍ ഇതിന് പിന്നാലെ മദ്രാസ് റോക്കേഴ്‌സ് എന്ന പേരിലുള്ള പൈറേറ്റഡ് സൈറ്റ് ഗാനങ്ങള്‍ വീണ്ടും പുറത്തിറക്കി. എ.ആര്‍ റഹ്മാനാണ് സര്‍ക്കാരിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസികാണ്. വന്‍തുകയ്ക്കാണ് സോണി ഓഡിയോ റൈറ്റ് വാങ്ങിയത്.

തമിഴ്‌ റോക്കേഴ്‌സ് വിവിധ ഭാഷകളിലുള്ള സിനിമാ വ്യവസായത്തെ സാരമായി ബാധിക്കുന്ന തരത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. വെബ്‌സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും ആളുകളെ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും സൈറ്റിന്റെ പ്രവര്‍ത്തനത്തിന് പൂട്ടിടാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ചോര്‍ത്തുന്ന ചിത്രങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റ് വഴി ഇവര്‍ പുറത്ത് വിടുന്നത് തുടരുകയാണ്.