കേരളത്തിനുള്ള വിദേശ സഹായം തടയാന്‍ മോഡി സർക്കാർ പറഞ്ഞ വാദങ്ങള്‍ പച്ചകള്ളമെന്ന് വിവരാവകാശ രേഖകള്‍

single-img
6 October 2018

പ്രളയബാധിത കേരളത്തിന് യു.എ.ഇ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കാന്‍ നയം തിരുത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം പച്ചകള്ളമെന്ന് വിവരാവകാശ രേഖകള്‍. കേന്ദ്രസര്‍ക്കാരിന്റെ അനുവാദത്തോടെ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് സഹായങ്ങള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് സ്വീകരിക്കാം. ഇത്തരത്തില്‍ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നുള്ള വിവരാവകാശ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ ഡി.ബി ബിനുവിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.

2016 ല്‍ ദേശീയ ദുരന്ത നിവാരണ വിഭാഗം പുറത്തിറക്കിയ പദ്ധതി രേഖയിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. അതുകൊണ്ടു യു.പി.എ സര്‍ക്കാരിന്റെ നയം തന്നെയാണ് ഇക്കാര്യത്തില്‍ തുടരുന്നതെന്ന വാദത്തിനും കഴമ്പില്ലാതെയായി. ഇതോടെ വിദേശ ധനസഹായം സ്വീകരിക്കാന്‍ നയം തിരുത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദമാണ് തെറ്റാണന്ന് തെളിഞ്ഞിരിക്കുന്നത്.

നേരത്തെ ഒരു രാജ്യം നേരിട്ട് ഇത്തരത്തില്‍ പണം നല്‍കുന്നത് കീഴ്‌വഴക്കത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിദേശ സഹായം തടഞ്ഞത്. വ്യക്തികള്‍ വഴിയോ എന്‍.ജി.ഒകള്‍ വഴിയോ മാത്രമെ ഇത്തരത്തില്‍ പണം സ്വീകരിക്കാന്‍ കഴിയൂ എന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.

2004 നു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടില്ലെന്നും 2004ല്‍ ബിഹാറില്‍ പ്രളയമുണ്ടായപ്പോള്‍ അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സാമ്പത്തിക സഹായമാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ സ്വീകരിച്ചതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.

യു.എന്‍ ഉള്‍പ്പെടെ കേരളത്തിന് വാഗ്ദാനം ചെയ്ത സഹായവും കേന്ദ്രം ഇത് പ്രകാരം തടഞ്ഞിരുന്നു. കേരളത്തിന് യു.എ.ഇ, ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ നല്‍കിയ സഹായവും കേന്ദ്രം തടഞ്ഞിരുന്നു.