രാമസേതുവിലൂടെ നടക്കുന്ന ജനങ്ങള്‍’; ബി.ജെ.പി പ്രചരിപ്പിക്കുന്നത് പൊന്നാന്നി ബീച്ചിന്റെ വീഡിയോ

single-img
6 October 2018

മനുഷ്യര്‍ രാമസേതുവിലൂടെ നടക്കുന്നു എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ ട്വിറ്ററില്‍ വൈറലാവുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ കണ്‍സള്‍ട്ടന്റ് എന്ന് അവകാശപ്പെടുന്ന രവി രഞ്ജന്‍ എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. രവി രഞ്ജന്‍ ഈ വിഡിയോ ഷെയര്‍ ചെയ്ത് കുറിച്ചത് ഇങ്ങനെയാണ്. ‘കടലിന് നടുവിലൂടുള്ള രാമസേതുവിലൂടെ ജനങ്ങള്‍ നടക്കുന്നത് കാണുക.

രാമസേതുവിനെ ദേശീയ പൈതൃകമായി പ്രഖ്യാപിക്കാന്‍ നിയമയുദ്ധം നടത്തുന്ന സുബ്രമണ്യം സ്വാമിക്ക് നന്ദി.’ നാല്‍പതിനായിരത്തിനടുത്ത് ആളുകള്‍ ഇതിനകം കണ്ടുകഴിഞ്ഞ വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വീഡിയോ ഷെയര്‍ ചെയ്തവരില്‍ ബി.ജെ.പിയുടെ പ്രമുഖ നേതാക്കളുമുണ്ട്.

ട്വിറ്ററിന് പുറമെ മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും രാമസേതു എന്ന പേരില്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പൊന്നാന്നി ബീച്ചിന്റെതാണ് ഈ വീഡിയോ. പൊന്നാന്നി ബീച്ചില്‍ കടലിന് മുകളിലൂടെ രൂപപ്പെട്ട ഒരു കിലോമീറ്ററോളം നീളമുള്ള ഈ മണ്‍തിട്ട കഴിഞ്ഞ മാസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇതിലൂടെ നടക്കാനും ഫോട്ടോ എടുക്കാനുമായി നിരവധി ആളുകളാണ് ആ സമയത്ത് ഇവിടെ എത്തിയത്.

രഞ്ജന്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ ഉള്ള വാട്ടര്‍മാര്‍ക്കില്‍ നിന്ന് അഭിലാഷ് എന്ന വ്യക്തിയാണ് ഈ ദൃശ്യം ചിത്രീകരിച്ചത് എന്ന് വ്യക്തമാണ്. മലയാളിയായ അഭിലാഷിന്റെ ഫോണ്‍ നമ്പറും വാട്ടര്‍മാര്‍ക്കിലുണ്ട്. അതു വഴി വന്ന ഹിന്ദിയിലും തെലുങ്കിലും ഉള്ള അന്വേഷണങ്ങള്‍ക്ക് മറുപടി പറഞ്ഞ് മടുത്ത അഭിലാഷ് അത് രാമസേതു അല്ല പൊന്നാന്നി ബീച്ചാണെന്ന് പറഞ്ഞ് പോസ്റ്റ് ഇടുകയായിരുന്നു.

കേരളത്തിൽ പ്രളയത്തിന് ശേഷമുണ്ടായ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളില്‍ ഒന്നാണ് പൊന്നാനി അഴിമുഖത്തെ മണല്‍ത്തിട്ട. ബീച്ചില്‍ നിന്നും കടലിനുള്ളിലേക്ക് കിലോമീറ്ററുകള്‍ നീണ്ട മണല്‍തിട്ട കാണാൻ നിരവധി പേരെത്തുന്നുണ്ട്. എപ്പോൾ വേണമെങ്കിലും അപ്രത്യക്ഷമാകാവുന്ന മണൽത്തിട്ടയാണ് ഇതെന്നും അതിനാൽ ആളുകൾ പോകരുതെന്നും അധികൃത‍‍ർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മണല്‍ത്തിട്ടയാണ് രാമന്‍ ലങ്കയിലേക്ക് പോകാനായി നിര്‍മിച്ചതെന്ന് രാമായണത്തില്‍ പറയുന്ന രാമസേതു എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.

https://twitter.com/RaviRanjanIn/status/1047337445661036544?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1047337445661036544&ref_url=https%3A%2F%2Fwww.mediaonetv.in%2Fkerala%2F2018%2F10%2F05%2Fvideo-of-ponnani-beach-shared-as-that-of-rama-sethu