നാട്ടിലേക്ക് ഇപ്പോൾ പണമയക്കുന്ന പ്രവാസികള്‍ സൂക്ഷിക്കുക

single-img
6 October 2018

ദുബായ്: രൂപയുടെ മൂല്യമിടിയുകയും ദിര്‍ഹവുമായുള്ള വിനിമയനിരക്ക് കൂടുകയും ചെയ്തതോടെ പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് പണമയയ്ക്കുന്നതിന്റെ തിരക്കിലാണ്. മാസാദ്യമായതിനാല്‍ കഴിഞ്ഞദിവസങ്ങളില്‍ മണി എക്‌സ്‌ചേഞ്ചുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. എന്നാല്‍ യുഎഇ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് കുതിക്കുമ്പോള്‍ പ്രവാസികള്‍ കരുതലോടെ വേണം ഈ സാഹചര്യം കൈകാര്യം ചെയ്യാനെന്നു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

കടമെടുത്തു നാട്ടിലേക്കു പണം അയയ്ക്കുന്നത് ഒട്ടും ആശാസ്യമല്ല. പണം കൂട്ടിവച്ചു നാട്ടിലേക്ക് അയയ്ക്കുകയും അതു കരുതിവയ്ക്കുകയും ചെയ്യുന്നതാണു നല്ലതെന്നും നിര്‍ദേശിക്കുന്നു. നാട്ടിലെ പണപ്പെരുപ്പവും വിലക്കയറ്റവും മാത്രമല്ല ഗള്‍ഫിലെ തൊഴില്‍ വിപണിയുടെ അനിശ്ചിതാവസ്ഥയും കണക്കിലെടുത്ത് വേണം നാട്ടിലേക്ക് പണമയയ്ക്കാനെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

എണ്ണവില കൂടുന്നതോടെ കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന രൂപയുടെമൂല്യം വീണ്ടുമിടിയുമെന്ന് സാമ്ബമ്പത്തിക വിദഗ്ധര്‍ പറയുന്നു. അമേരിക്കന്‍ ബാങ്കുകള്‍ വരും ദിവസങ്ങളില്‍ പലിശനിരക്ക് വര്‍ധിപ്പിച്ചാല്‍ ഇന്ത്യയില്‍ നിന്നുള്ള വിദേശധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. ഇത് ഓഹരിവിപണിയെ സാരമായി ബാധിക്കും.

രൂപയുടെ മൂല്യമിടിയുമ്പോള്‍ ദിര്‍ഹവുമായുള്ള വിനിമയനിരക്ക് കൂടുന്നത് ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ഗുണകരമാകും. ഓഹരി വിപണിയിലെ തളര്‍ച്ച കണക്കിലെടുത്ത് നിക്ഷേപിക്കാന്‍ പറ്റിയ അവസരംകൂടിയാണിതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.