ഇന്നലെ കുറച്ചു; ഇന്ന് വീണ്ടും കൂട്ടി: പെട്രോള്‍ ഡീസല്‍ വിലയില്‍ ‘ജനങ്ങളെ പറ്റിച്ച്’ മോദി സര്‍ക്കാര്‍

single-img
6 October 2018

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോളിന് 19 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 81.68 രൂപയാണ് വില. ഡീസലിന് 73.24 രൂപയും നല്‍കണം.

മുംബൈയില്‍ പെട്രോളിന് 87.14 രൂപയും ഡീസലിന് 76.74 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 83.68 രൂപയും ഡീസലിന് 77.16 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 85.02 രൂപയും ഡീസലിന് 78.41 രൂപയുമാണ് വില.

അതേസമയം, പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ രണ്ടര രൂപ കുറച്ചതു സംസ്ഥാന നികുതിയില്‍ വരുന്ന ആനുപാതിക കുറവും കൂടി ചേര്‍ത്താണ്. എണ്ണക്കമ്പനികള്‍ ഒരു രൂപ കുറയ്ക്കുമെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രഖ്യാപനം സത്യത്തില്‍ നടപ്പാക്കിയിട്ടില്ല.

പെട്രോള്‍ ലീറ്ററിനു കേരളത്തില്‍ 3.25 രൂപയും ഡീസലിനു 3.06 രൂപയും വരെ കുറയാനുള്ള സാധ്യതയാണ് ഇതുമൂലം ഇല്ലാതായത്. എക്‌സൈസ് ഡ്യൂട്ടിയില്‍ ഒന്നര രൂപയും എണ്ണക്കമ്പനികളുടെ ഒരു രൂപ കിഴിവും ചേര്‍ത്ത് ആകെ രണ്ടര രൂപ കുറയ്ക്കുമെന്നായിരുന്നു ജയ്റ്റ്‌ലിയുടെ പ്രഖ്യാപനം.

എന്നാല്‍, ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ എണ്ണക്കമ്പനികളില്‍നിന്നു ശേഖരിച്ച കണക്കുപ്രകാരം എക്‌സൈസ് ഡ്യൂട്ടിയില്‍ ഒന്നര രൂപയുടെ കുറവു മാത്രമാണു കേന്ദ്രം പ്രാബല്യത്തിലാക്കിയത്. ഇതു സംസ്ഥാന നികുതിയില്‍ വരുത്തുന്ന കുറവു കൂടി കണക്കിലെടുത്തപ്പോഴാണ് വില രണ്ടര രൂപ കുറഞ്ഞത്. അടിസ്ഥാന വിലയും കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയും ചേര്‍ത്തുള്ള തുകയ്ക്കു മേലാണു സംസ്ഥാന നികുതി. പെട്രോളിന് 30.8 %, ഡീസലിന് 22.76 % വീതമാണു സംസ്ഥാന നികുതി.