Breaking News

സുന്നിപള്ളിയില്‍ സ്ത്രീകളെ കയറ്റണമെന്നാണോ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്: വിവാദത്തിനിടയാക്കിയ വീഡിയോ കാണാം

സുന്നിപള്ളിയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ വാക്കുകള്‍ വിവാദമാകുന്നു. മുസ്ലിം സ്ത്രീകളെ സുന്നി പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന് കോടിയേരി പറഞ്ഞതായാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

ഇതിനെതിരെ മുസ്ലീം ലീഗ് നേതാക്കളും ചില മത പണ്ഡിതരും രംഗത്തുവന്നിരുന്നു. വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശ്വാസികളാണ് അഭിപ്രായം പറയേണ്ടത്, കോടിയേരി വിശ്വാസിയല്ലല്ലോ എന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പ്രതികരിച്ചത്.

എന്നാല്‍ കോടിയേരിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചെടിക്കുകയായിരുന്നുവെന്നാണ് അവിടെയുണ്ടായിരുന്ന ചില മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞത്. ശബരിമല വിധി വന്നതിനുശേഷം സുന്നി ദേവാലയത്തില്‍ ഉള്‍പ്പെടെ സ്ത്രീകളെ കയറ്റണമെന്ന് കേരളത്തില്‍നിന്ന് വരെ ആവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്.

ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് എന്താണ് എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് കോടിയേരിയുടെ മറുപടി ഇങ്ങനെ: ഒരു സ്ഥലത്തും സ്ത്രീ വിവേചനം പാടില്ല എന്നുള്ള നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. ഇപ്പോള്‍ ചില മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ പോകുന്നുണ്ടല്ലോ ? തിരുവനന്തപുരത്തെ ബീമാപള്ളിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ടല്ലോ ? ധാരാളം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ട്. ഹജ്ജിന് സ്ത്രീകള്‍ പോകുന്നില്ലേ ? അങ്ങനെയാണെങ്കില്‍ മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം പാടുണ്ടോ?

ഏത് സുന്നിയായാലും അവര് ആരായാലും ഞങ്ങളെ സംബന്ധിച്ചിടത്തോളം നിലപാട് ഒന്നാണ്. അതുകൊണ്ട് ആരു പറയുന്നു എന്നതല്ല. സ്ത്രീ പ്രവേശനം സംബന്ധിച്ച ഏതു കാര്യത്തിലും, സ്ത്രീകള്‍ക്ക് വിവേചനം പാടില്ല. ഭരണഘടന അനുശാസിക്കുന്ന ഈ തത്വം നടപ്പില്‍ വരുത്തണം.

അതിന്റെ പ്രായോഗികമായ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവര്‍ ആലോചിക്കണം. സമുദായത്തിനകത്ത് തന്നെ ഉള്ളവരാണ് പുരോഗമന വീക്ഷണം ഉയര്‍ത്തിക്കൊണ്ടു വരേണ്ടത്. അതിനെക്കുറിച്ച് ആയിരിക്കണം ചിന്തിക്കേണ്ടത്. സമൂഹത്തെ പിറകോട്ട് നയിക്കാനായിരിക്കരുത് രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്, മുന്നോട്ട് നയിക്കുന്നതിന് കുറിച്ചായിരിക്കണം.

കെ.പി.സി.സി എടുത്ത ഈ സമീപനം കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിനും പാരമ്പര്യത്തിനും നിരക്കാത്തതാണ്. അവര്‍ വലിയ അപചയത്തില്‍ പെട്ടിരിക്കുകയാണ്. അവര്‍ക്ക് ഒരു രാഷ്ട്രീയ നിലപാട് എടുക്കാന്‍ കഴിയുന്നില്ല ഹിന്ദുത്വ വര്‍ഗ്ഗീയ വാദികളെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണ് കെ.പി.സി.സിയില്‍ ഒരുവിഭാഗം നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ നിലപാട് മാറണം ഐ.സി.സിയുടെ നിലപാടിനെ കൂടെ കേരളത്തിലെ കെ.പി.സി.സി നില്‍ക്കണം. അപ്പോള്‍ എ.ഐ.സി.സിയുടെ നിലപാട് അംഗീകരിക്കാത്ത കെ.പി.സി.സി പിരിച്ചുവിടണം അതിനൊക്കെയുള്ള ധൈര്യമുണ്ടോ ? അപ്പോള്‍ ഇരട്ടത്താപ്പ് സമീപനം പാടില്ല. ഇതായിരുന്നു കോടിയേരിയുടെ വാക്കുകള്‍.

#മുമ്പ്_കാന്തപുരം_ഉസ്താദിന്റെ #പ്രസ്താവന_വളച്ചൊടിച്ച_പോലെ #ഒരു #ഗൂഢാലോചന_ഇതിൽ_ഒളിഞ്ഞിരിപ്പില്ലേ???ശരിക്കും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതാണോ അതോ ഇവിടത്തെ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രസ്താവന വളച്ചൊടിച്ച് വാർത്ത നൽകിയതാണോ..???ജനം ടി വി ലേഖകൻ കൊടിയേരിയോട് അജണ്ട പ്രകാരം കൃത്യമായി ചോദ്യം ചോദിക്കുന്നു…സുന്നി പള്ളികളിൽ സ്ത്രീ പ്രവേശനത്തിൽ എന്താണ് നിലപാട്? #കോടിയേരി_പറയുന്നു..#സുന്നി_പള്ളികളിൽ_മാത്രമല്ല #എല്ലാ_ആരാധനാലയങ്ങളിലും_സ്ത്രീ #തുല്യത_പാലിക്കണം_എന്നാണ്…#എന്നാൽ_മാധ്യമങ്ങൾ_റിപ്പോർട്ട്_ചെയ്തത് കോടിയേരി സുന്നി പള്ളികളിൽ സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം നൽകണമെന്ന പ്രസ്താവന ഇറക്കിയത് പോലെയാണ്…മീഡിയയിൽ ഇരുന്ന് ഇതുവരെ ഞാൻ തിരിച്ചും മറിച്ചും പല ആവർത്തി കണ്ടു മനസ്സിലായതാണ് ഇവിടെ പറയുന്നത്..വീഡിയോ :-അദ്ദേഹം പറഞ്ഞത് ശരിക്കും കേട്ട് നോക്കൂ…(Swalih thangal kottakkal)

Posted by Sayyid Swalih Thangal Kottakkal on Saturday, October 6, 2018

വീഡിയോ കടപ്പാട്: മനോരമ