12.30ന് പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനം മൂന്നുമണിയിലേക്ക് നീട്ടിയത് മോദിയുടെ രാജസ്ഥാന്‍ റാലിക്കുവേണ്ടി: തെരഞ്ഞെടുപ്പു കമ്മീഷനെതിരെ ഗുരുതര ആരോപണം

single-img
6 October 2018

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തിന്റെ സമയത്തില്‍ മാറ്റം വരുത്തിയത് വിവാദത്തില്‍. ഉച്ചയ്ക്ക് 12.30ന് മാധ്യമങ്ങളെ കാണുമെന്നാണു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഇതു മൂന്ന് മണിയിലേക്കു മാറ്റുകയായിരുന്നു.

ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കുന്ന റാലികള്‍ക്ക് വേണ്ടിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ അജ്മീറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പൊതു പരിപാടി ഒരു മണിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലി മധ്യപ്രദേശില്‍ രണ്ട് മണിക്കും നടക്കുന്നതു കൊണ്ടാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനുള്ള സമയം മാറ്റിയതെന്നു കോണ്‍ഗ്രസ് പറയുന്നു.

തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കും പാര്‍ട്ടി അധ്യക്ഷനും പുതിയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ കഴിയില്ലെന്നുള്ളതു കൊണ്ടാണു തിരഞ്ഞെടുപ്പു കമ്മിഷന്‍ 12.30നു മാധ്യമങ്ങളെ കാണാതിരുന്നതെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം.

എന്നാല്‍ സമയം മാറ്റിയതു സൗകര്യം കണക്കിലെടുത്താണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകര്‍ എത്തിച്ചേരാനും സാങ്കേതിക ഒരുക്കങ്ങള്‍ക്കും വേണ്ടിയാണ് സമയം മാറ്റിയതെന്നും കമ്മീഷന്‍ പറഞ്ഞു.