സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

single-img
6 October 2018

സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം. ഇന്ധന വില വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം. തൃശൂരില്‍ ചേര്‍ന്ന ബസ്സുടമകളുടെ കോഓഡിനേഷന്‍ യോഗത്തിലാണ് തീരുമാനം. മിനിമം ചാര്‍ജ് എട്ടുരൂപയില്‍നിന്നും 10 രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം.

ഇതിന് പുറമേ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം അഞ്ച് രൂപയാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് നികുതിയിളവ് നടപ്പാക്കണമെന്നും കോഓഡിനേഷന്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു. സമരമെന്നതിന് ഉപരിയായി ഇന്ധനവില വര്‍ധിച്ച അവസരത്തില്‍ ബസുകള്‍ പുറത്തിറക്കാനാകാത്ത സാഹചര്യമാണുള്ളതെന്ന് ബസുടമകള്‍ അറിയിച്ചു.

ഡീസല്‍ വിലയില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ബസ്സുടമകള്‍ ആവശ്യപ്പെട്ടു. ബസ് നിരക്ക് ഒടുവില്‍ കൂട്ടിയത് മാര്‍ച്ചിലാണെന്നും അന്ന് ഡീസല്‍ വില 62 രൂപയായിരുന്നെന്നും ബസ്സുടമകള്‍ പറഞ്ഞു. പിന്നീട് 18 രൂപയോളം വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കാതെ ബസ്സുകള്‍ പുറത്തിറക്കാനാകില്ലെന്ന് ഇവര്‍ വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ബസ്സുടമകള്‍ കൂട്ടിച്ചേര്‍ത്തു.