‘ചൊവ്വാഴ്ചയ്ക്കുള്ളില്‍ തീരുമാനം പറയണം’; അന്ത്യശാസനവുമായി നടിമാരായ രേവതി, പാര്‍വ്വതി, പത്മപ്രിയ

single-img
6 October 2018

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി സ്ഥാനത്തുള്ള നടന്‍ ദിലീപിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ചൊവ്വാഴ്ച്ചയ്ക്കകം തീരുമാനം പറയണം എന്നാവശ്യപ്പെട്ട് നടിമാരായ രേവതി, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ എന്നിവര്‍ എ.എം.എ.എയ്ക്ക് കത്ത് നല്‍കി.

എ.എം.എം.എയുടെ ഭാരവാഹിയോഗം ഇന്ന് ചേരാനിരിക്കേയാണ് നടിമാര്‍ അമ്മ ഭാരവാഹികള്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഈ വിഷയത്തില്‍ ഇതു മൂന്നാം തവണയാണ് നടിമാര്‍ അമ്മയ്ക്ക് കത്ത് നല്‍കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യം തെളിയുന്ന വരെ ദിലീപിനെ താരസംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാണ് നടിമാര്‍ ആവശ്യപ്പെടുന്നത്.

കൊച്ചിയില്‍ ഓഗസ്റ്റില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ ഇതിന്റെ നിയമവശം പരിശോധിക്കണമെന്നാണ് അമ്മ ഭാരവാഹികള്‍ അറിയിച്ചത്. ഓഗസ്റ്റ് 7 ന് നടന്ന ചര്‍ച്ചയില്‍ തൃപ്തിയുണ്ടെന്ന് നടിമാര്‍ പ്രതികരിച്ചിരുന്നു. എ.എം.എം.എയില്‍ നിന്ന് രാജിവെച്ചുപോയ ഡബ്ല്യു.സി.സി. അംഗങ്ങള്‍ തിരിച്ചുവരുന്ന കാര്യത്തിലുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തിരുന്നു.

കഴിഞ്ഞ എ.എം.എം.എ. ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് എ.എം.എം.എയെയും ഡബ്ല്യു.സി.സിയെയും നേര്‍ക്കുനേര്‍ കൊണ്ടുവന്നത്. തീരുമാനത്തെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയും ഡബ്ല്യു.സി.സി. അംഗങ്ങളായ റിമ കല്ലിങ്കല്‍, രമ്യാ നമ്ബീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരും എ.എം.എം.എയില്‍ നിന്ന് രാജിവെച്ചിരുന്നു.

ഇന്ന് വൈകീട്ട് ചേരുന്ന എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ ഡബ്ല്യൂ.സി.സി അംഗങ്ങളായ നടിമാര്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. വിഷയത്തില്‍ നിയമോപദേശം തേടിയതായും മോഹന്‍ലാല്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.