തീരദേശ ജില്ലകളിലടക്കം മഴ കനത്തു; സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

single-img
5 October 2018

തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളിലടക്കം മഴ കനത്തു. ചെന്നൈയില്‍ സ്‌കൂളുകള്‍ക്കും കാഞ്ചിപുരം, തിരുവള്ളുര്‍ ജില്ലകളില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കാഞ്ചീപുരം, തൂത്തുക്കുടി, തിരുവള്ളൂര്‍ എന്നീ ജില്ലകളില്‍ മൂന്ന് ദിവസമായി തുടരുന്ന മഴ ഇന്നലെ രാത്രിയോടെ കടുത്തു. തെക്കന്‍ ജില്ലകളിലും മഴ ശക്തമാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലും കേന്ദ്രം ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ചിലയിടങ്ങളില്‍ മാത്രമാണ് റെഡ് അലര്‍ട്ട് സാധ്യത നിലനില്‍ക്കുന്നതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഒക്‌ടോബര്‍ ഏഴിന് അതി ശക്തമായ മഴയുണ്ടാകുമെന്നും മറ്റു ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം.

മഴ നേരിടാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇതുമൂലമുണ്ടാകുന്നവെള്ളം ഒഴുക്കിക്കളയാന്‍ വേണ്ടി പുതിയ ഓടകള്‍ നിര്‍മിക്കുകയും തകര്‍ന്നു കിടക്കുന്ന ഓവുചാലുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുകയും ചെയ്തതായി തമിഴ്‌നാട് ദുരന്ത നിവാരണ സേന കമ്മീഷണര്‍ അറിയിച്ചു.

മേട്ടൂര്‍ ഡാമും നദികളും നിറഞ്ഞിരിക്കുകയാണ്. പ്രദേശം അധികൃതരുടെ നിരീക്ഷണത്തിലാണ്. ഡാമില്‍ നിന്ന് വെള്ളം ഒഴുക്കി വിടണോ വേണ്ടയോ എന്ന കാര്യം പൊതുമരാമത്ത് വകുപ്പ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.