അമേരിക്കയുടെ സംരക്ഷണമില്ലാതെ രണ്ടാഴ്ചപോലും സൗദി അറേബ്യയ്ക്ക് നിലനില്‍ക്കാനാവില്ല: മുന്നറിയിപ്പുമായി ട്രംപ്

single-img
5 October 2018

യുഎസ് പിന്തുണയില്ലെങ്കില്‍ സൗദി ഭരണകൂടം രണ്ടാഴ്ചയിലേറെ അധികാരത്തില്‍ തുടരില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നതിനിടെയാണ്, മധ്യേഷ്യയില്‍ യുഎസിന്റെ ദീര്‍ഘകാല സഖ്യകക്ഷിയായ സൗദി അറേബ്യയ്‌ക്കെതിരെ ട്രംപ് വെടിപൊട്ടിച്ചത്.

‘സല്‍മാന്‍ രാജാവിനെ ഞാന്‍ സ്‌നേഹിക്കുന്നു. പക്ഷേ, രാജാവേ, അങ്ങയെ സംരക്ഷിക്കുന്നതും ഞങ്ങളാണ്. ഞങ്ങളില്ലെങ്കില്‍ രണ്ടാഴ്ചയിലേറെ രാജാവ് അധികാരത്തില്‍ തുടരില്ല. നിങ്ങളുടെ സൈന്യത്തിനു വേണ്ട പണം നിങ്ങള്‍ തന്നെ മുടക്കണം ‘– മിസ്സിസ്സിപ്പിയില്‍ കരഘോഷം മുഴക്കിയ ജനക്കൂട്ടത്തോടായി ട്രംപ് പറഞ്ഞു.

എന്നാല്‍, ട്രംപിന്റെ പ്രസ്താവനയില്‍ സൗദി ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. ആഗോളവിപണിയില്‍ എണ്ണവിലയുയരുന്നത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. എണ്ണവില കുറയ്ക്കാന്‍ സൗദിയോടും ഒപെക് രാജ്യങ്ങളോടും ട്രംപ് പലതവണ ആവശ്യപ്പെട്ടിരുന്നു. സല്‍മാന്‍ രാജാവുമായി ശനിയാഴ്ച ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണത്തിലും എണ്ണ വിലയെക്കുറിച്ചു ചര്‍ച്ച ചെയ്തിരുന്നതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.